തീപിടിച്ച കപ്പല്‍ നിയന്ത്രണത്തില്‍; തീയണയ്ക്കൽ അവസാന ഘട്ടത്തിലേക്ക്, പൗഡർ ബോംബുമായി വ്യോമസേന
Thursday, June 12, 2025 1:03 PM IST
കോഴിക്കോട്: ബേപ്പൂരിന് സമീപം പുറംകടലില്‍ കത്തിയ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ലെ തീയണയ്ക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക് കടന്നു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നാവികസേന, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്), കപ്പല്‍ കമ്പനിയുടെ പ്രത്യേക ദൗത്യ സംഘം എന്നിവര്‍ ചേര്‍ന്ന് തീയണയ്ക്കാനായി നടത്തുന്ന ശ്രമം ഇന്നു വൈകുന്നേരത്തോടെ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.
ഇന്നു വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണയ്ക്കും. തീ ഏകദേശം 40 ശതമാനം നിയന്ത്രണവിധേയമാക്കിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നേവിയും സിറ്റുവേഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമുദ്രപ്രഹരി, സചേത് എന്നിവയില്‍ നിന്ന് ശക്തമായി വെള്ളം പമ്പുചെയ്ത് കപ്പല്‍ തണുപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. മുന്‍ഭാഗത്തെ തീ അല്പം നിയന്ത്രണ വിധേയമായി. കനത്ത പുകയുണ്ട്. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ ഇടത്തേക്കു ചെരിഞ്ഞാണ് നിൽക്കുന്നത്.
അതേസമയം, വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി ഡ്രൈ കെമിക്കൽ പൗഡർ ബോംബ് ഉപയോഗിച്ചും തീ കെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കപ്പലിനെ നിയന്ത്രണത്തില്‍ കൊണ്ടുവന്നതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കപ്പലിനെ വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. വടംകെട്ടി ഉള്‍ക്കടലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങി. തീപിടിച്ച കപ്പലില്‍ സാല്‍വേജ് സംഘം ഹെലികോപ്റ്ററില്‍ ഇറങ്ങിയാണ് നിയന്ത്രണത്തിലാക്കിയത്. ടഗ് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് വലിച്ചുമാറ്റുകയാണ്. അതേസമയം കാണാതായ നാലു നാവികള്ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.