അഹമ്മദാബാദിലെ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് സംഘമെത്തി
Thursday, June 12, 2025 2:54 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എന്‍ഡിആര്‍എഫ് സംഘമെത്തി. 270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
അർധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.