അയാം ദി സോറി അളിയാ, ഇത് കുത്തിപ്പൊക്കൽ ആണ്..! ചങ്ക്സ് കാരണം പണികിട്ടി ഫ്രീക്കന്മാർ
രാവിലെ എഴുന്നേറ്റ് ഫേസ്ബുക്ക് തുറക്കുമ്പോൾ ദാ വർഷങ്ങൾക്കു മുമ്പുള്ള ദാരിദ്ര്യംപിടിച്ച സ്വന്തം ഫോട്ടോ ന്യൂസ്ഫീഡിൽ പറന്നുകളിക്കുന്നു. ചറപറാന്ന് കമന്‍റുകളും വരുന്നു. ഏതോ ചങ്കിന്‍റെ പണിയാണെന്ന് വിചാരിച്ച് മിണ്ടാതെയിരിക്കാനേ ഇപ്പോൾ കഴിയൂ. കാരണം ഇപ്പോൾ‌ കുത്തിപ്പൊക്കലാണ് ട്രെൻഡ്. ഏതു സ്റ്റൈലൻ ഫ്രീക്കനും കാണും കോലംകെട്ടൊരു ഭൂതകാലം. അത് കുത്തിപ്പൊക്കി പുറത്തിടുന്ന തിരക്കിലാണ് ഫേസ്ബുക്കിലെ ചങ്ക് കൂട്ടുകാർ. അവരെ കുറ്റംപറയാൻ പറ്റില്ല. തിരിച്ച് കുത്തിപ്പൊക്കി പ്രതികാരം ചെയ്യുകയേ നിവൃത്തിയുള്ളൂ. കാരണം ഇത് #കുത്തിപ്പൊക്കൽ കാലമാണ്.ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ കമന്‍റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. ഇതാണ് ട്രോളന്മാർ പറയുന്ന "കുത്തിപ്പൊക്കല്‍' എന്ന പ്രതിഭാസം. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് തന്നെയാണ് കുത്തിപ്പൊക്കലിന്‍റെ ആദ്യ ഇര. സുക്കറിന്‍റെ കുത്തിപ്പൊക്കിയ പഴയ ഫോട്ടോകൾ അതിവേഗം ഷെയർ ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ വിൻ ഡീസലിനെപ്പോലുള്ള ഹോളിവുഡ് താരങ്ങളുടെ പേജുകളിലും ഈ പ്രതിഭാസം പ്രത്യക്ഷമായി. ഇത് സംഭവമായി മാറിയതോടെയാണ് മലയാളത്തിലും കുത്തിപ്പൊക്കൽ പൊട്ടിപ്പുറപ്പെട്ടത്.യുവതാരം പൃഥ്വിരാജായിരുന്നു മോളിവുഡിലെ കുത്തിപ്പൊക്കലിന്‍റെ ആദ്യ ഇര. പൃഥ്വിയുടെ പഴയ ചിത്രങ്ങളും പോസ്റ്റുകളും പുതിയ കമന്‍റുകളോടെ ന്യൂസ് ഫീഡിൽ നിറയാൻ തുടങ്ങി. പിന്നാലെ മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ടോവിനോ തോമസ്, അജു വർഗീസ് എന്നിവരുടെ പേജുകളിലും കുത്തിപ്പൊക്കൽ തകൃതിയായി നടന്നു. രാഷ്ട്രീയക്കാരെയും ട്രോളന്മാർ വെറുതേവിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖ നേതാക്കളുടെ പേജുകളിലും കുത്തിപ്പൊക്കലുകൾ നടന്നു. ഈ ട്രെൻഡിന്‍റെ ചുവടുപിടിച്ചാണ് പലരും സുഹൃത്തുക്കളുടെ പഴയ ഫോട്ടോകൾ കുത്തിപ്പൊക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കുത്തിപ്പൊക്കൽ മുന്നിൽ കണ്ട് പലരും പോസ്റ്റുകളുടെ പ്രൈവസി സെറ്റിംഗ് പബ്ലിക്കിൽ നിന്ന് മാറ്റുകയാണ്.ട്രോളന്മാരും കുത്തിപ്പൊക്കൽ ആഘോഷമാക്കി. താരങ്ങളുടെ പഴയ ചിത്രങ്ങൾ വച്ചുള്ള നിരവധി ട്രോളുകളാണ് ട്രോൾ പേജുകളിൽ നിറയുന്നത്. ഇതിനിടെ, കുത്തിപ്പൊക്കലിന് ഇരയാകുന്നതിനു മുമ്പുതന്നെ സ്വന്തം ചിത്രങ്ങൾ കുത്തിപ്പൊക്കി നടൻ അജു വർഗീസ് രംഗത്തെത്തിയിട്ടുണ്ട്. എന്‍റെ പോസ്റ്റ് ആരും കുത്തിപ്പൊക്കേണ്ട, ഞാൻ തന്നെ ചെയ്യാം എന്നുപറഞ്ഞാണ് അജു തന്‍റെയും നിവിൻ പോളിയുടെയും പഴയ ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്തത്. എന്നാൽ, ഇതും ട്രോളന്മാർ ഏറ്റെടുത്തു. അജുവിന്‍റെ ചിത്രങ്ങൾ വച്ച് ട്രോളുകൾ പുറത്തിറങ്ങിക്കഴിഞ്ഞു. ചില ട്രോളുകൾ അദ്ദേഹം തന്നെ ഷെയർ ചെയ്തിട്ടുമുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.