കൗതുകമായി എന്നും പഠിക്കാനെത്തുന്ന കുരങ്ങന്‍; ഇരിപ്പ് മുന്‍ നിരയില്‍
Thursday, September 15, 2022 12:28 PM IST
സ്കൂള്‍ കാലം ഇഷ്ടപ്പെടാത്ത ആളുകള്‍ കുറവായിരിക്കുമല്ലൊ. ബാഗും തോളിലിട്ട് മാവില്‍ കല്ലെറിഞ്ഞും കൂട്ടുകാരുമൊത്ത് ചങ്ങാത്തം കൂടി ക്ലാസിലേക്കെത്തുന്ന രംഗം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും.

എന്നാല്‍ ഇത്തരം ഇഷ്ടങ്ങള്‍ കാരണമല്ലാതെ വിദ്യാലത്തിലെത്തി കൗതുകമായിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ ഒരാള്‍. മറ്റാരുമല്ല ഒരു കുരങ്ങനാണിത്.

ഹസാരിബാഗ് ജില്ലയിലെ ദനുവ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഒരു കുരങ്ങന്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ലാസില്‍ എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ലാസുകളില്‍ പങ്കെടുക്കുന്ന കുരങ്ങന്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും കൗതുകത്തിലാക്കിയിരിക്കുകയാണ്.

ഒരാഴ്ച മുമ്പ് പെട്ടെന്ന് സ്കൂളിലെ ഒമ്പതാം ക്ലാസില്‍ കുരങ്ങന്‍ എത്തുകയായിരുന്നു. ആദ്യമൊക്കെ വിദ്യാര്‍ഥികള്‍ ഭയന്നുവിറച്ചു. എങ്കിലും കുരങ്ങന്‍ ആരെയും ഉപദ്രവിക്കാതെ ക്ലാസിലെ ഒരു ബെഞ്ചില്‍ ഇരുന്നു.

അന്നുമുതല്‍ ദിവസവും ക്ലാസില്‍ എത്തുകയും വിദ്യാര്‍ഥികള്‍ക്കൊപ്പം മുന്‍നിരയില്‍ ഇരിക്കുകയും ചെയ്യുന്നത് സ്ഥിരം പരിപാടിയാക്കി. മാത്രമല്ല അധ്യാപകര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യും.

രാവിലെ ഒമ്പതിന് സ്കൂള്‍ തുറന്നാലുടന്‍ കുരങ്ങന്‍ സ്കൂള്‍ പരിസരത്ത് എത്താറുണ്ടെന്നും ക്ലാസുകള്‍ അവസാനിച്ചതിന് ശേഷം വൈകുന്നേരമാണ് പോകുന്നതെന്നും ഹെഡ്മാസ്റ്റര്‍ രത്തന്‍ വര്‍മ പറഞ്ഞു.

ബുധനാഴ്ച കുരങ്ങന്‍ ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി മേശപ്പുറത്ത് ഇരുന്നു. പഠനം തുടങ്ങിയപ്പോള്‍ അവന്‍ വീണ്ടും ക്ലാസിലേക്ക് പോയി. പ്രിന്‍സിപ്പല്‍ കുരങ്ങിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങ് ക്ലാസ് മുറിയില്‍തന്നെ തുടര്‍ന്നു.

സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ കുരങ്ങിനെ പിടിച്ച് കാട്ടിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഏതായാലും പഠിക്കാനെത്തുന്ന കുരങ്ങനിപ്പോള്‍ സമൂഹ മാധ്യമങ്ങളിലും താരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.