വാഹനങ്ങള്‍ കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി; എങ്കിൽ ഓർഡറിടൂ എന്ന് യതീഷ് ചന്ദ്ര: നിലയ്ക്കലിൽ നടന്നത് സിനിമയെ വെല്ലുന്ന മാസ് രംഗങ്ങൾ
ഡ്യൂട്ടിയിലെ കാർക്കശ്യ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ യുവപോലീസ് ഓഫീസറാണ് എസ്പി യതീഷ്ചന്ദ്ര. കെ. സുരേന്ദ്രനും കെ.പി. ശശികലയുമെല്ലാം ഈ ഉദ്യോഗസ്ഥന്‍റെ കാർക്കശ്യത്തിന്‍റെ ചൂടറിഞ്ഞതാണ്. നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള യതീഷ്ചന്ദ്ര കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച നടപടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇന്ന് യതീഷ് ചന്ദ്രയുടെ കാർക്കശ്യം നേരിട്ടറിഞ്ഞത് സാക്ഷാൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തന്നെയാണ്.

ശബരിമലയിലേക്ക് പോകുന്നതിനായി നിലയ്ക്കലിൽ എത്തിയതായിരുന്നു മന്ത്രി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനും മറ്റ് പ്രവർത്തകർക്കുമൊപ്പമാണ് അദ്ദേഹം എത്തിയത്. നിലയ്ക്കലിൽ ഭക്തർക്കായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ പരിശോധിച്ച മന്ത്രി സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനെ രൂക്ഷമായി വിമർശിച്ചു. സർക്കാർ വാഹനങ്ങൾക്ക് പോകാമെങ്കിൽ എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങൾക്ക് പമ്പ വരെ യാത്രാനുമതി നൽകികൂടെന്ന് മന്ത്രി ചോദിച്ചു. മന്ത്രിക്കൊപ്പമെത്തിയ പ്രവർത്തകർ കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് പോകണമെന്ന പോലീസ് അറിയിപ്പിനേത്തുടർന്നാണ് മന്ത്രി ഈ ചോദ്യമുന്നയിച്ചത്.എന്നാൽ സ്വാകാര്യ വാഹനങ്ങൾ അനുവദിക്കാനാവില്ലെന്ന നിലപാടിൽ പോലീസ് ഉറച്ച് നിന്നു. നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര ഇക്കാര്യം മന്ത്രിയോട് വിശദീകരിച്ചു. പമ്പയിൽ പാർക്കിംഗ് സംവിധാനങ്ങൾ ഇല്ലെന്നും ഗതാഗതകുരുക്കുണ്ടാകുമെന്നും അതിനാലാണ് സ്വകാര്യ വാഹനങ്ങൾ പോകാൻ അനുവദിക്കാത്തതെന്നും യതീഷ്ചന്ദ്ര വ്യക്തമാക്കി. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോ എന്ന് മന്ത്രി ചോദിച്ചു. വിഐപി വാഹനങ്ങള്‍ക്ക് പോകാന്‍ അനുവാദമുണ്ടെന്നും മറ്റുള്ള വാഹനങ്ങള്‍ക്ക് അനുമതിയില്ലെന്നും എസ്പി മറുപടി നല്കി.പോലീസ് വിശദീകരണം കേട്ട ശേഷവും സ്വകാര്യ വാഹനങ്ങൾ അനുവദിക്കണമെന്ന നിലപാടിൽ പൊൻ രാധാകൃഷ്ണൻ ഉറച്ച് നിന്നു. ഇതിനു പിന്നാലെയാണ് യതീഷ് ചന്ദ്രയുടെ മാസ് ഡയലോഗ് എത്തിയത്. സ്വകാര്യവാഹനങ്ങൾ കടത്തിവിടണമെന്ന് ഉത്തരവായി എഴുതി നല്‍കിയാല്‍ തീര്‍ച്ചയായും അത് ചെയ്യാമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. തങ്ങള്‍ തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നും എസ്പി പറഞ്ഞു. ഇതോടെ ഒന്നു പരുങ്ങിയ മന്ത്രി ഉത്തരവിറക്കാന്‍ തനിക്ക് അധികാരമില്ലെന്നു മറുപടി നല്കുകയായിരുന്നു. അങ്ങനെയെങ്കിൽ നിയന്ത്രണങ്ങള്‍ പാലിക്കുക തന്നെ ചെയ്യണമെന്നു എസ്പി തിരിച്ചടിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ താന്‍ സര്‍ക്കാരിനെ അറിയിക്കാമെന്നും തത്കാലം നിയന്ത്രണങ്ങള്‍ പാലിക്കുകയേ നിവര്‍ത്തിയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.എന്നാല്‍ യതീഷ് ചന്ദ്രയുടെ മറുപടി മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പിടിച്ചില്ല. സ്വയം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. "നിങ്ങളെന്താ കേന്ദ്ര മന്ത്രിയോട് ചൂടാകുകയാണോ?...ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം' തുടങ്ങിയ രൂക്ഷമായ വാക്കുകളുമായി രാധാകൃഷ്ണൻ കയർത്തു. എസ്പി പ്രതികരിക്കാതെ നിന്നതിനു പിന്നാലെ വന്നു രാധാകൃഷ്ണന്‍റെ അടുത്ത ചോദ്യം "നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ' എന്ന്. ഇതിനെയെല്ലാം ചിരിയോടെ നേരിട്ട എസ്പി മന്ത്രിയോട് മാത്രമാണ് കാര്യങ്ങൾ വിശദീകരിക്കാൻ തയാറായത്. ഒടുവില്‍ എസ്പി നിലപാട് ശക്തമാക്കിയതോടെ മന്ത്രിയും സംഘവും കെഎസ്ആര്‍ടിസി ബസില്‍ തന്നെ ശബരിമലയിലേക്ക് യാത്ര തുടരുകയായിരുന്നു.

2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരനായ 32കാരനായ യതീഷ് ചന്ദ്ര നേരത്തെയും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. അങ്കമാലിയിൽ വാഹനങ്ങൾ തടഞ്ഞ സിപിഎം പ്രവർത്തകരെ അടിച്ചോടിച്ച അദ്ദേഹം പുതുവൈപ്പിനില്‍ സമരക്കാരെ മർദിച്ച് വില്ലനും നായകനുമായി നിറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.