സർവകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവണ്മെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും ആറ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലെയും (കേരള, എംജി, കുസാറ്റ്, ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, കാലിക്കട്ട്, കണ്ണൂർ) രണ്ടാംവർഷ ബിരുദാനന്തര ബിരുദ, എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്ക് ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഒരു മാസവും എംഫിൽ വിദ്യാർഥികൾക്ക് രണ്ടു മാസവും പിഎച്ച്ഡി വിദ്യാർഥികൾക്ക് നാലു മാസവുമാണ് ഇന്റേണ്‍ഷിപ്പിനുള്ള സമയപരിധി.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in ൽ Aspire scholarship (ASPR) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നവംബർ 15ന് മുന്‍പായി ഓണ്‍ലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
അപേക്ഷകർ 2019-20 അധ്യയനവർഷത്തിൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾ ഇവയിലേതെങ്കിലും രണ്ടാംവർഷ ബിരുദാനന്തര ബിരുദം, എംഫിൽ, പിഎച്ച്ഡി വിദ്യാർഥിയായിരിക്കണം. അപേക്ഷകർ സർക്കാർ/എയ്ഡഡ് കോഴ്സുകൾക്ക് പഠിക്കുന്നവരായിരിക്കണം. ഒന്നാംവർഷം കുറഞ്ഞത് 75 ശതമാനം ഹാജർനില ഉണ്ടായിരിക്കണം. അടിസ്ഥാന കോഴ്സിന് (ബിരുദം/ബിരുദാനന്തരബിരുദം) 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കേരളത്തിനകത്ത് പ്രതിമാസം 8000 രൂപയും കേരളത്തിന് പുറത്ത് പ്രതിമാസം 10000 രൂപയും സ്കോളർഷിപ് അനുവദിക്കും. രണ്ടു ഗഡുക്കളായി തുക നൽകും. ആദ്യ ഗഡു ജോയിൻ ചെയ്യുന്നമുറയ്ക്കും, അവസാനഗഡു ഇന്റേണ്‍ഷിപ് പൂർത്തിയാക്കിയ റിപ്പോർട്ട് അപ്ലോഡ് ചെയ്യുന്ന മുറയ്ക്കും.
സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിദഗ്ധരടങ്ങിയ പാനൽ പരിശോധിച്ച് തയാറാക്കുന്ന സെലക്ട് ലിസ്റ്റ് രണ്ടാഴ്ചയ്ക്കകം കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽപ്രസിദ്ധീകരിക്കുകയും, അർഹരായവരെയും സ്ഥാപനങ്ങളെയും ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും അറിയിക്കുകയും ചെയ്തു. മാതൃസ്ഥാപനത്തിൽ നിന്നും വിടുതൽ ചെയ്തശേഷം ആതിഥേയ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ജോയിനിംഗ് റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് സ്കോളർഷിപ്പ് തുക അർഹരായവർക്ക് ബാങ്ക് വഴി വിതരണം ചെയ്യും. സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ ആതിഥേയ സ്ഥാപനത്തിൽ പ്രവേശിച്ചശേഷം നിശ്ചിത സമയത്തിനുള്ളിൽ ഗവേഷണം/ഇന്റേണ്‍ഷിപ് പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ ഗവേഷണം/ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിയില്ലെങ്കിൽ അനുവദിച്ചു നൽകുന്ന തുക ബാങ്ക് പലിശ ഉൾപ്പെടെ തിരിച്ചടയ്ക്കേണ്ടതാണ്.