രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി
Thursday, October 16, 2025 10:33 PM IST
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. രാഷ്ട്രപതി ദര്‍ശനം നടത്തുമ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്കി.
ദേവസ്വം ബോര്‍ഡും പോലീസും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ മാസം 22നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത്.
രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉള്‍പ്പെടെയുള്ള പോലീസ് അപേക്ഷ സ്പെഷല്‍ കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു. സ്പെഷല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡും കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.
ഗൂര്‍ഖ ജീപ്പിലായിരിക്കും രാഷ്ട്രപതി പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുക. ആ വാഹനത്തിനും ആറ് മറ്റ് വാഹനങ്ങള്‍ക്കും സന്നാധാനത്തേക്ക് കടക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.