കുരുന്നുകൾക്ക് കൈത്താങ്ങായി വായനക്കാർ
Wednesday, February 26, 2020 1:37 PM IST
കാത്തിരുന്നു ലഭിച്ച കണ്മണികളുടെ ജീവൻ നിലനിർത്താൻ ദമ്പതികൾക്ക് വായനക്കാരുടെ കൈത്താങ്ങ്. തൊടുപുഴ, പുറപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനീഷിനും ഭാര്യ മായയ്ക്കും ജനിച്ച ഇരട്ടക്കുരുന്നുകൾക്കായാണ് സഹായഹസ്തം ഒഴുകിയെത്തിയത്. മാസം തികയാതെ ശസ്ത്രക്രിയ വഴി പുറത്തെടുത്ത കുഞ്ഞുങ്ങൾ ജീവനായി മല്ലടിക്കുകയായിരുന്നു.
മൂന്നു ദിവസം കൂടുന്പോൾ 28,000 രുപയാണ് കുരുന്നുകളുടെ ചികിത്സയ്ക്കായി വേണ്ടി വന്നിരുന്നത്. ഇതോടെ ദീപിക ഡോട്ട്കോം വഴി ദമ്പതികൾ സുമനസുകളുടെ സഹായം അഭ്യർഥിക്കുകയായിരുന്നു.
വായനക്കാർ നൽകിയ 92,400 രൂപ രാഷ്ട്രദീപിക ലിമിറ്റഡ് എംഡി ഫാ.മാത്യൂ ചന്ദ്രൻകുന്നേൽ കുട്ടികളുടെ പിതാവ് അനീഷിന് കൈമാറി. എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ടും ചടങ്ങിൽ പങ്കെടുത്തു.
ഗർഭിണിയായി ഏഴാം മാസത്തിൽ ശാരീരിക അസ്വസ്ഥതകൾ തോന്നിയതിനാലാണ് മായയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2019 ഒക്ടോബർ 31ന് മായ ഇരട്ടകുട്ടികൾക്ക് ജന്മം നൽകി. പിന്നീട് ഭയത്തിന്റെയും വിഷമങ്ങളുടേയും ദിനങ്ങളായിരുന്നു. തൂക്കം വളരെ കുറഞ്ഞ കുഞ്ഞുങ്ങളുടെ ജീവൻ നിലർത്തിയിരുന്നത് എൻഐസിയു ഇൻക്യുബേറ്റർ വഴിയായിരുന്നു.
അന്നന്നു ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിക്കുന്ന അനീഷിനെ സംബന്ധിച്ചടുത്തോളം കുട്ടികൾക്ക് വേണ്ടിവന്ന ഭാരിച്ച ചികിത്സാചിലവ് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. തുടർന്നാണ് കാത്തിരുന്ന ലഭിച്ച പൊന്നോമനകളുടെ ജീവനായി സുമനസുകളുടെ സഹായം അനീഷും കുടുംബവും തേടിയത്. വായനക്കാരുടെ സഹായങ്ങൾക്ക് ദമ്പതികൾ നന്ദിയും സ്നേഹവും അറിയിച്ചു.