ഐഡമോൾക്കായി കൈകോർത്ത് വായനക്കാർ
Tuesday, September 21, 2021 1:55 PM IST
കോട്ടയം: ചെറുപ്രായത്തിലെ രോഗത്തിന്റെ പിടിയിലായ ഐഡമോൾക്കായി ദീപിക ഡോട്ട്കോം വായനക്കാർ കൈകോർത്തു. കുട്ടിയുടെ രോഗവിവരമറിഞ്ഞ് നിരവധി നല്ല മനസുകളാണ് സഹായം നൽകിയത്. വായനക്കാർ നൽകിയ 3.10 ലക്ഷം രൂപ രാഷ് ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാത്യൂ ചന്ദ്രൻകുന്നേൽ കുടുംബത്തിന് കൈമാറി. കുട്ടിയുടെ മാതാവിനാണ് തുക കൈമാറിയത്.
കാഞ്ഞിരപ്പള്ളി പള്ളിക്കുന്നേൽ പരേതനായ ജോണി വർഗീസിന്റെയും ജയിനമ്മയുടെയും മൂന്ന് മക്കളിൽ ഇളയവളായ ഐഡയ്ക്ക് നട്ടെല്ലിനുണ്ടായ വളവാണ് പ്രതിസന്ധി സൃഷ്ടിച്ചത്. രോഗം മൂർച്ഛിച്ചതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഐഡ അടുത്തകാലം വരെ സാധാരണ കുട്ടികളെപോലെ ഓടിനടന്നവളാണ്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ രോഗം അവളെയും കുടുംബത്തെയും തളർത്തിക്കളഞ്ഞു.
കുട്ടി രോഗക്കിടക്കയിലായതിനിടെ പിതാവ് അർബുദ രോഗബാധിതനായി മരിച്ചത് കുടുംബത്തിന് കൂടുതൽ തിരിച്ചടിയായി. ഇതോടെ കുടുംബത്തിന്റെ വരുമാന മാർഗവും അടഞ്ഞു. മൂന്ന് പെണ്‍കുട്ടികളുമായി മാതാവ് ജയിനമ്മ ദുരിത ജീവിതം നയിക്കുകയാണ്. ബന്ധുക്കളുടെ സഹായത്താലാണ് നിലവിൽ ചികിത്സയും വീട്ടുചിലവുകളും നടന്നുപോയിരുന്നത്.
കുട്ടിയുടെ ചികിത്സയ്ക്കായി ഏകദേശം ആറ് ലക്ഷത്തോളം രൂപയാണ് കുടുംബം കണ്ടെത്തേണ്ടത്. അർബുദ രോഗിയായിരുന്ന ഭർത്തവിനും പിന്നാലെ മകൾക്കും ചികിത്സകൾ നടത്തി കുടുംബം കടുത്ത സാമ്പത്തിക പ്രസിസന്ധിയിലായിരുന്നു. അതിനാലാണ് സുമനസുകളുടെ സഹായം ദീപിക ഡോട്ട്കോം വഴി തേടിയത്.