റോഷ്നിക്ക് സുമനസുകളുടെ കൈത്താങ്ങ്
Wednesday, December 1, 2021 4:57 PM IST
കോട്ടയം: വൃക്കകൾ തകരാറിലായി ചികിത്സാ സഹായം തേടിയ റോഷ്നിക്ക് ദീപിക ഡോട്ട് കോം വായനക്കാരുടെ കൈത്താങ്ങ്. വായനക്കാർ നൽകിയ 1.45 ലക്ഷം രൂപ രാഷ്ട്രദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. സി.സി.ജോൺ കുടുംബത്തിന് കൈമാറി. റോഷ്നിയുടെ ഭർത്താവ് ഇ.പി.മനോജ് കുമാർ തുക ഏറ്റുവാങ്ങി. സഹായത്തിന് കുടുംബം ഏവരെയും നന്ദി അറിയിച്ചു.
കോട്ടയം വിജയപുരം ഇടയില്ലത്ത് റോഷ്നിയാണ് 34ാം വയസിൽ വൃക്കരോഗത്തിന്റെ പിടിയിലായത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന റോഷ്നിക്ക് ശാരീരികാസ്വസ്ഥതകൾ ഉണ്ടായതോടെയാണ് ചികിത്സ തേടിയത്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഒരു വൃക്ക പൂർണമായും രണ്ടാമത്തേത് ഭാഗികമായും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. ഇതോടെ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തുകയാണ്.
രോഗം പൂർണമായും മാറാൻ വൃക്കമാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു കഴിഞ്ഞു. 23 ലക്ഷത്തോളം രൂപ ചിലവുള്ള ഈ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കുടുംബം ബുദ്ധിമുട്ടുകയാണ്. ലോണ്‍ എടുത്ത് നിർമിച്ച വീട് ബാങ്ക് ജപ്തി ചെയ്തതിനാൽ നിലവിൽ വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്.
ഭർത്താവിന്റെ വരുമാനം കൊണ്ട് വീട്ടുവാടകയും നിത്യചിലവുകളും നടത്താൻ പോലും കഴിയുന്നില്ല. ഒപ്പം ചികിത്സയ്ക്കുള്ള പണം കൂടി കണ്ടെത്തണം. ഭാരിച്ച ചികിത്സാ ചിലവുകളും രോഗംമൂലമുണ്ടായ മാനസിക സംഘർഷങ്ങളും കുടുംബത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെയണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.