Charity
അജിതയ്ക്കു പ്രതീക്ഷ നൽകി വായനക്കാരുടെ സഹായഹസ്തം
അജിതയ്ക്കു പ്രതീക്ഷ നൽകി  വായനക്കാരുടെ സഹായഹസ്തം
Thursday, March 2, 2017 3:13 AM IST
വൃക്കരോഗത്താൽ എട്ടു വർഷമായി വിഷമിക്കുന്ന അജിതയ്ക്ക് ദീപിക വായനക്കാരുടെ സഹായം പുതുപ്രതീക്ഷയായി. ദീപിക ചാരിറ്റബിൾ ട്രസ്റ്റ് വഴി സമാഹരിച്ച തുക ഏറ്റുവാങ്ങുന്പോൾ അജിതയും കുടുംബവും നിറകണ്ണുകളോടെ ദീപിക വായനക്കാർക്കു നന്ദിയർപ്പിച്ചു. കോട്ടയം ഓണംതുരുത്ത് സ്വദേശിനി അജിതയ്ക്കു ദീപിക ചാരിറ്റബിൾ ട്രസ്റ്റ് വഴി ലഭിച്ച 1,67,250 രൂപ അജിതയുടെ വീട്ടിലെത്തി കൈമാറി. രാഷ്ട്രദീപിക ലിമിറ്റഡ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്്ടർ താർസിസ് ജോസഫ്, ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എം.എം.ജോസ് എന്നിവർ പങ്കെടുത്തു.

നീണ്ടൂർ പഞ്ചായത്തിലെ കോതാട്ടുതടത്തിൽ കുഞ്ഞുമോന്‍റെ മകളാണ് അജിത. വൃക്കരോഗത്തിനു കഴിഞ്ഞ അഞ്ചു വർഷമായി തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലെ ചികിത്സയിലാണിവർ. മരുന്നുകൾകൊണ്ട് ഇതുവരെ പിടിച്ചുനിന്ന അജിത ഇനി വൃക്കമാറ്റിവയ്ക്കണം. അടുത്തുതന്നെ ശസ്ത്രക്രിയ അനിവാര്യമാണെന്നു ഡോക്ടർമാർ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മാത്രമായി അഞ്ചു ലക്ഷം രൂപയും മരുന്നുകൾക്കും തുടർചികിത്സകൾക്കുമായി രണ്ടു ലക്ഷം രൂപയുമാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക സമാഹരിക്കാൻ അജിതയുടെ കുടുംബം ബുദ്ധിമുട്ടുന്നതിനിടയിലാണു ദീപിക ചാരിറ്റബിൾ ട്രസ്റ്റ് കൈത്താങ്ങായത്.