ദുരന്തമായി കാലാ...!
Thursday, June 7, 2018 6:28 PM IST
പാ.രഞ്ജിത്ത് എന്ന സംവിധായകൻ മികച്ചൊരു വലിച്ചുനീട്ടലുകാരനാണെന്ന് "കാല' എന്ന ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. എന്തിനാണ് ഹേ, ഇത്തരമൊരു ഇടത്തിലേക്ക് സ്റ്റൈൽ മന്നൻ രജനികാന്തിനെ കൊണ്ടിട്ടത്? രണ്ടേമുക്കാൽ മണിക്കൂറിലേറെയുള്ള കഥപറച്ചിൽ പ്രക്രിയക്കിടയിൽ രജനി എന്ന നടനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സംവിധായകനു കഴിയാതെ വന്നതോടെ കാല ചുമ്മാ ഒരു ഡോണ്‍ കഥയായി അസ്തമിക്കുകയായിരുന്നു.മാസിന് പകരം, ജനങ്ങൾക്കിടയിൽ നിൽക്കുന്ന സാധാരണക്കാരനായ നായകനായി രജനി (കരികാലൻ) എത്തുന്പോൾ തനതായ സ്റ്റൈലിൽ തിളങ്ങി നിൽക്കാൻ കക്ഷിക്ക് കഴിയുന്നുണ്ട്. ചില കഥകളിലെ പോരായ്മകൾ നായകന്‍റെ പ്രകടന മേന്മകൊണ്ട് മാഞ്ഞുപോകാറുണ്ട്. എന്നാൽ ഇവിടെ വലിച്ചു നീട്ടിയ കഥയ്ക്ക് മുന്നിൽ പലപ്പോഴും നായകന് അടിപതറിപ്പോകുകയാണ്. കാലം വേഗത്തിലോടുന്പോൾ, വേഗമില്ലാത്ത ചിത്രം ഒരുക്കി പാ.രഞ്ജിത്ത് പ്രേക്ഷകരെ വഞ്ചിക്കുകയായിരുന്നു.സ്റ്റൈൽ കൊള്ളാം, പക്ഷേ...

നിങ്ങൾ രജനി ആരാധകനാണോ? എങ്കിൽ നിങ്ങൾക്ക് കോരിത്തരിക്കാനുള്ള പഴയ സംഭവങ്ങളൊക്കെ കാലയിലും കുത്തിനിറച്ചിട്ടുണ്ട്. അടിക്ക് അടി, കലക്കൻ ഗെറ്റപ്പ്, പാട്ട്, ഡാൻസ്.. പക്ഷേ, രജനിയുടെ മാസ്റ്റർ പീസായ പഞ്ച് ഡയലോഗുകൾ എല്ലാം കാലയിൽ പഞ്ചില്ലാതെ കൂപ്പുകുത്തുകയായിരുന്നു.

മുംബൈയിലെ ധാരാവിയിൽ താമസിക്കുന്ന തമിഴന്മാരുടെ കാവലാളായാണ് രജനി ചിത്രത്തിൽ എത്തുന്നത്. അപ്പോൾ പിന്നെ അടിക്കും ഇടിക്കും ചിത്രത്തിൽ കുറവൊന്നും ഉണ്ടാകില്ലല്ലോ. ആശയ ദാരിദ്യ്രം, കഥാ ദാരിദ്യ്രം എന്നീ സംഗതികൾ തലപൊക്കുന്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ സിനിമയിൽ കയറിക്കൂടുക സ്വഭാവികം. നിലം വിട്ടുകൊടുക്കാൻ തയാറാകാത്തവരുടെ നേതാവായി രജനി രംഗപ്രവേശം ചെയ്യുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്.സിമ്പിൾ എൻട്രിയിലൂടെ രജനിയെ കാണിക്കുന്പോൾ തന്നെ ചിത്രം അത്രകണ്ട് മാസ് അല്ലായെന്ന് സൂചിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കറുപ്പ് വേഷധാരിയായി എത്തി പ്രേക്ഷക മനംകവരുന്നുണ്ട് രജനി ചിത്രത്തിൽ. സ്റ്റൈലിന്‍റെ കാര്യത്തിൽ രജനിയെ കടത്തിവെട്ടാൻ മറ്റാർക്കും ആവില്ലായെന്ന് കാലാ അടിവരയിട്ട് പറയുന്നു.

വളിപ്പ് പ്രണയം

കാലയുടെ വീട്ടുകാരെയെല്ലാം പരിചയപ്പെടുത്തി കഥ മുന്നോട്ട് പോകുന്നതിനിടയിൽ നായകന് പ്രണയം ഇല്ലെങ്കിൽ ശരിയാകില്ലല്ലോ എന്ന തോന്നലിൽ നിന്ന് ഉദയംകൊണ്ട ഒരു പ്രണയ കഥ ചിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നുണ്ട്. സത്യം പറയാമല്ലോ, സംഗതി വെറും വളിപ്പായി പോയി. ഹുമ ഖുറേഷിയെ വരെ രംഗത്തിറക്കി പ്രണയരംഗങ്ങൾ കൊഴുപ്പിക്കാൻ നോക്കിയിട്ടും എല്ലാം കൈവിട്ടുപോയി. സെറീനയായി എത്തിയ ഹുമ ഖുറേഷിയുടെ പ്രകടനം ശരാശരിയിലും താഴെയായപ്പോൾ ചിത്രത്തിന്‍റെ ബാലൻസിംഗിനെത്തന്നെ അത് ബാധിച്ചു.

ഒന്നാം പകുതിയുടെ മെല്ലപ്പോക്കിനിടയിൽ പ്രതികാരവും വില്ലന്മാരുമെല്ലാം താനേ വളർന്നു വരുന്നുണ്ടായിരുന്നു. സമുദ്രക്കനി ചിത്രത്തിൽ രജനിയുടെ സുഹൃത്തായി എത്തി കോമഡികൾ വേണ്ടുവോളം വാരിവിതറുന്നുണ്ട്. രജനിയുടെ മക്കളായി സ്ക്രീനിൽ നിറഞ്ഞു നിന്ന താരങ്ങൾ ഉശിരുള്ള പ്രകടനമാണ് പുറത്തെടുത്തത്.ഇതെന്തൊരു പോക്ക്

ആദ്യപകുതിക്ക് തൊട്ടുമുന്പായി കോൾമയിർകൊള്ളിക്കുന്ന രംഗങ്ങളൊരുക്കി പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതൊക്കെ വെറും ഗിമ്മിക്ക് മാത്രമാണെന്ന് രണ്ടാം പകുതി തുടങ്ങുന്നതോടെ മനസിലാകും. കഥ റിയലിസ്റ്റിക്കാണെങ്കിലും പറഞ്ഞുപഴകിയ പ്രതികാരകഥയുടെ അതേ അച്ചിൽ തന്നെയാണ് കാലയും സംവിധായകൻ വാർത്തെടുത്തത്. അതൊക്കെ കാണുന്പോൾ തന്നെ, ഇത് രജനിയെ വച്ചുള്ള കാട്ടിക്കൂട്ടലാണെന്ന് അറിയാതെയെങ്കിലും തോന്നിപ്പോകും.

രണ്ടാം പകുതിയിൽ സെന്‍റിമെൻസും മെലോഡ്രാമയും സ്ഥാനം പിടിക്കുന്നതോടെ കഥയുടെ പോക്ക് വീണ്ടും മന്ദഗതിയിലാകും. ഇത്തരം കാട്ടിക്കൂട്ടലുകൾക്കിടയിലും രജനിയുടെ ഭാര്യയായി എത്തിയ സെൽവിയുടെ (ഈശ്വരി റാവു) പ്രകടനം പ്രേക്ഷകമനം കീഴടക്കുന്നുണ്ട്.വില്ലൻ ക്ലാസാണ്

വെള്ളയും കറുപ്പും മുഖാമുഖം പോരാടുന്ന കാലായിൽ വെള്ള വസ്ത്രധാരിയായ രാഷ്ട്രീയക്കാരനായാണ് നാനാ പടേക്കർ വേഷമിടുന്നത്. അടിക്കും ഇടിക്കും ഒന്നും പോകാത്ത ക്ലാസ് വില്ലനായി നാനാ പടേക്കർ ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ചില സമയങ്ങളിൽ മിതത്വമാർന്ന പ്രകടനംകൊണ്ട് നായകനേക്കാൾ മുകളിൽ നിൽക്കാനും നാനാ പടേക്കറിന് സാധിക്കുന്നുണ്ട്.

മണ്ണിന് വേണ്ടിയുള്ള പോരാട്ടം രണ്ടാം പകുതിയിൽ കടുക്കുന്നുണ്ടെങ്കിലും അതൊക്കെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ പൂർണമായും പരാജയപ്പെട്ടു. കറുപ്പിന് വേണ്ടുവോളം സ്ഥാനം നൽകി വെള്ളയുടെ പ്രഭാവം കുറയ്ക്കാൻ ക്ലൈമാക്സിനോട് അടുക്കുന്പോൾ സംവിധായകൻ ശ്രമിക്കുന്നുണ്ട്.

ക്ലൈമാക്സിൽ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് എന്തോ സംഭവിക്കുമെന്ന് പ്രേക്ഷകർക്ക് വെറുതെ തോന്നും. എന്നാൽ പതിവ് സിനിമ സ്റ്റെെലിലേക്ക് കഥയെ തിരിച്ചെത്തിച്ച് ആവർത്തന വിരസത വേണ്ടുവോളം ഉണ്ടാക്കുന്നതിൽ പാ.രഞ്ജിത്ത് എന്ന് സംവിധായകൻ പൂർണമായും വിജയിച്ചു.

(പ്ലീസ്, ഇനിയെങ്കിലും സിനിമയെടുക്കുന്പോൾ ദൈർഘ്യം കുറച്ചാൽ നന്നായിരിക്കും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.