നീതി തേടുന്ന കുപ്രസിദ്ധ പയ്യൻ
Friday, November 9, 2018 4:55 PM IST
മലയാളത്തിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഗണത്തിലുള്ള നിരവധി ചിത്രങ്ങൾ വന്നുപോയിട്ടുണ്ടല്ലോ. ആ ശ്രേണിയിൽ തന്നെയാണ് മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനും ഇടംപിടിക്കുന്നത്. പക്ഷേ, ഒരു വ്യത്യാസമുണ്ട്. കണ്ടുപഴകിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളുടെ വഴിയേ അല്ല കുപ്രസിദ്ധ പയ്യന്‍റെ സഞ്ചാരം.

കുറ്റാരോപിതനായ ഒരു വ്യക്തിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ത​ല​പ്പാ​വും ഒ​ഴി​മു​റി​യും പ​ഴ​യ തലമുറയുടെ ക​ഥയാണ് പ​റ​ഞ്ഞ​തെങ്കിൽ ഏ​റ്റ​വും സ​മ​കാ​ലി​ക​മാ​യ സ​ന്ദ​ർ​ഭങ്ങളാണ് മധുപാൽ പുതിയ ചിത്രത്തിന് തെരഞ്ഞെടുത്തത്.



കേ​ര​ള​ത്തി​ൽ ന​ട​ന്ന​തും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ ഏ​തു സം​ഭ​വം വേ​ണ​മെ​ങ്കി​ലും ഈ ​ക​ഥ​യോ​ടു ചേ​ർ​ത്തു​വാ​യി​ക്കാം. അടുത്ത കാലത്ത് പോലീസിനെ പ്രതിക്കൂട്ടിലാക്കിയ ഏതാനും സംഭവങ്ങളും ചിത്രത്തിന്‍റെ കഥയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം.

അനാഥനായ അജയൻ എന്ന കഥാപാത്രമായാണ് ടോവിനോ തോമസ് ചിത്രത്തിലെത്തുന്നത്. നാട്ടിലെ ഒരു ഹോട്ടലിലാണ് അയാൾ ജോലി ചെയ്യുന്നത്. ആരെന്തു പറഞ്ഞാലും മിണ്ടാതെ നിന്ന് കേൾക്കുന്ന, സദാ ദൈന്യമുഖത്തോടെയുള്ള ഒരു ചെറുപ്പക്കാരൻ. അജയൻ അമ്മയെപ്പോലെ കരുതുന്ന ചെമ്പകമ്മാളിന്‍റെ മരണത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.

ഈ സംഭവത്തിൽ അജയനിലേക്കും അന്വേഷണം നീളുകയാണ്. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അജയന് എതിരാകുന്നതോടെ അയാൾ കൊലപാതക കേസിൽ പ്രതിയാകുന്നു. ആരും പിന്തുണയ്ക്കാനില്ലാതെ കേസിനെ നേരിടുന്ന അജയനു മുന്നിൽ ഒരു വഴി തുറന്നു കിട്ടുന്നതും അതിലൂടെയുള്ള അയാളുടെ സഞ്ചാരവുമാണ് ചിത്രം പറയുന്നത്. നമ്മുടെ നിയമ സംവിധാനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അജയന്‍റെ യാത്ര സംവിധായകൻ ഒരുക്കിയിരിക്കുന്നത്.



ടോവിനോയുടെ നിശബ്ദാഭിനയം തന്നെയാണ് കുപ്രസിദ്ധ പയ്യന്‍റെ പ്ലസ് പോയിന്‍റ്. നീതി നിഷേധിക്കപ്പെട്ടവന്‍റെ നിസഹായതയും ഒറ്റപ്പെട്ടു പോകുന്നവന്‍റെ ദൈന്യതയും ടോവിനോ കൃത്യമായി സ്ക്രീനിൽ പ്രകടിപ്പിച്ചിട്ടുണ്ട്. മുൻകാല ചിത്രങ്ങളിൽ കണ്ട ടോവിനോയിലെ മികച്ച നടനെ സംവിധായകൻ സമർഥമായി ഉപയോഗിക്കുകയായിരുന്നു.

അജയനെ ചുറ്റിപ്പറ്റി പ്രണയമുണ്ടായിരുന്നുവെങ്കിലും അതിലും വലിയ കാര്യങ്ങളായിരുന്നു ചിത്രത്തിന് പറയാനുണ്ടായിരുന്നത്. മനോഹരമായ ഒരു ആക്ഷൻ രംഗവും ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷേ, പ്രണയത്തിനും ആക്ഷനുമപ്പുറം ആഘോഷിക്കപ്പെടേണ്ടത് ടോവിനോയുടെ സൂക്ഷ്മാഭിനയം തന്നെയാണ്.



നായികമാരായ അനു സിതാരയും നിമിഷ സജയനും തങ്ങളുടെ റോളുകൾ ഗംഭീരമാക്കി. ആദ്യപകുതിയിൽ നിറഞ്ഞത് അനുവായിരുന്നുവെങ്കിൽ രണ്ടാം പകുതിയെ തോളിലേറ്റിയത് നിമിഷയാണ്. അജയനു വേണ്ടി നിയമപോരാട്ടം നടത്തുന്ന ഹന്ന എലിസബത്ത് എന്ന യുവ അഭിഭാഷകയുടെ വേഷം നിമിഷയിൽ ഭദ്രമായിരുന്നു. ചിലയിടങ്ങളിൽ ഹന്ന നിമിഷയുടെ കൈവിട്ടുപോകുമെന്ന് തോന്നിച്ചെങ്കിലും കഥയുടെ നല്ലൊഴുക്കിന് അതൊന്നും തടസമാകുന്നില്ല.



തെന്നിന്ത്യൻ നടി ശരണ്യ പൊൻവണ്ണനും ചിത്രത്തിൽ മികച്ച വേഷത്തിലെത്തുന്നുണ്ട്. ശരണ്യയുടെ ചെമ്പകമ്മാൾ കഥയിൽ നിർണായക കഥാപാത്രമാണ്. മുതിർന്ന അഭിഭാഷകനായെത്തിയ നെടുമുടി വേണുവും ജഡ്ജിയായെത്തിയ സുരേഷ് കുമാറും തങ്ങളുടെ ഭാഗം ഗംഭീരമാക്കി അവതരിപ്പിച്ചു. അതിഥി വേഷത്തിലെത്തിയ സിദ്ദിഖും മോശമാക്കിയില്ല. ശ്രീകുമാരൻ തമ്പിയുടെ വരികളിൽ ഔസേപ്പച്ചൻ ഒരുക്കിയ ഗാനങ്ങളും ചിത്രത്തിന്‍റെ ശോഭ കൂട്ടി.



കള്ളക്കേസിൽ കുടുങ്ങി നിരപരാധികൾ ജയിലിലാകുന്നത് ക്ലീഷെ പ്ലോട്ടാണെങ്കിലും സംവിധായകന്‍റെ കൈയൊപ്പ് പതിഞ്ഞതോടെ ചിത്രം സുന്ദരമായി മാറുകയായിരുന്നു. ഉദ്വേഗജനകമായ അന്വേഷണമോ അതിഗംഭീരമായ ട്വിസ്റ്റോ ക്ലൈമാക്സോ ഒന്നും പ്രതീക്ഷിച്ച് ഈ ചിത്രത്തെ സമീപിക്കരുത്. ഇത് അജയന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിനായുള്ള നിയമപോരാട്ടത്തിന്‍റെ കഥയാണ്. അജയനെതിരേ കെട്ടിയ കുരുക്കുകൾ എങ്ങനെ അഴിയപ്പെടുന്നു എന്നതതിലാണ് സംവിധായകൻ ശ്രദ്ധകൊടുത്തിരിക്കുന്നത്.

പ്രേക്ഷകരെ രണ്ടരമണിക്കൂർ തീയറ്ററിൽ പിടിച്ചിരുത്താൻ പാകത്തിനുള്ള രചനയാണ് ജീവൻ ജോബ് തോമസിന്‍റെ തൂലികയിൽ നിന്നുണ്ടായത്. കോടതി രംഗങ്ങൾ ചിലയിടങ്ങളിൽ ഇഴച്ചിൽ സമ്മാനിക്കുന്നുണ്ടെങ്കിലും തലപ്പാവും ഒഴിമുറിയും ഒരുക്കിയ മധുപാൽ എന്ന സംവിധായകന്‍റെ ബ്രില്യൻസ് ഇവിടെ പ്രകടമായി കാണാം.



അജയൻ ഒരു വ്യക്തിയല്ല. നീതി നിഷേധിക്കപ്പെടുന്ന നിസഹായരുടെ പ്രതീകമാണ്. ഭരണകൂടങ്ങളും നിയമപാലന സംവിധാനങ്ങളും എത്ര ശക്തമായി അടിച്ചമർത്താൻ ശ്രമിച്ചാലും നീതിയുടെ വെളിച്ചം അയാളിൽ എത്തുക തന്നെ ചെയ്യും. രാജ്യത്ത് ഏതൊരു പൗരനും അവസാന ആശ്രയമായ നമ്മുടെ നീതിന്യായവ്യവസ്ഥയിൽ അടിയുറച്ച് വിശ്വസിക്കാമെന്ന സന്ദേശമാണ് ഒരു കുപ്രസിദ്ധ പയ്യൻ നല്കുന്നത്.

ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.