കോളജുകളിൽ സീറ്റ് വർധനക്ക് അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ നിലവിലുള്ള കോഴ്സുകൾക്ക് 201920 അധ്യയന വർഷത്തിൽ സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ 30 വരെയും പിഴയോടെ ഡിസംബർ 31 വരെയും അപേക്ഷിക്കാം.
525 രൂപയുടെ ചലാൻ രസീതി സഹിതം ആവശ്യപ്പെട്ടാൽ സർവകലാശാലാ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ സ്റ്റോറിൽ നിന്ന് നേരിട്ടും ചലാനും സ്റ്റാന്പൊട്ടിച്ച് വിലാസമെഴുതിയ കവറും സഹിതം ജോയിന്റ് രജിസ്ട്രാർ, ഭരണവിഭാഗം, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ തപാലിലും അപേക്ഷാ ഫോം ലഭിക്കും. 201819 അധ്യയന വർഷം ആരംഭിച്ച കോളജുകൾ അപേക്ഷിക്കേണ്ടതില്ല. വിവരങ്ങൾ വെബ്സൈറ്റിൽ.
അഖിലേന്ത്യാ അന്തർ സർവകലാശാലാ വെയ്റ്റ് ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിന് തുടക്കം
തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ വെയ്റ്റ് ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിന് കാലിക്കട്ട് സർവകലാശാലാ കാന്പസിൽ തുടക്കമായി.
ഇന്ന് 67, 73, 81 കിലോഗ്രാം വിഭാഗങ്ങളിൽ മത്സരം നടക്കും. നാളെ 89, 96, 102 കിലോഗ്രാം വിഭാഗങ്ങളിലും 20ന് 109 കിലോഗ്രാം വിഭാഗത്തിലും മത്സരങ്ങൾ നടക്കും. സർവകലാശാലാ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. നൂറോളം സർവകലാശാലകളിൽ നിന്നായി നാനൂറ് മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്.
കാഷ്മീർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. താലത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ടി. എ. അബ്ദുൽ മജീദ് ആമുഖ ഭാഷണം നടത്തി. കായിക വിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.പി. മനോജ് നന്ദിയും പറഞ്ഞു.
ഹിമാലയത്തിന്റെ പരിണാമം: ഫ്രോണ്ടിയർ ലക്ചർ നടത്തി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ജിയോളജി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹിമാലയ പർവതത്തിന്റെ പരിണാമവും അത് കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും സെമിനാർ സംഘടിപ്പിച്ചു. കാഷ്മീർ സർവകലാശാലാ വൈസ് ചാൻസലറും ജിയോളജിസ്റ്റുമായ ഡോ. താലത്ത് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ്, പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ, ഐക്യുഎസി ഡയറക്ടർ ഡോ. എം. മനോഹരൻ, ഡോ. സി.സി. ഹരിലാൽ, ഡോ. പി. ആദർശ് തുടങ്ങിയവർ പ്രസംഗിച്ചു.