ഡ്രമാറ്റിക് ആർട്സിൽ ത്രിവത്സര ഡിപ്ലോമ
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡ്രമാറ്റിക് ആർട്സിൽ ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അഭിനയം, ഡിസൈൻ, നാടകവുമായി ബന്ധപ്പെട്ട മറ്റു മേഖലകൾ എന്നിവയിൽ പ്രഫഷണലുകളായിത്തീരാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതാണു കോഴ്സ്.
കുറഞ്ഞത് ആറു നാടകാവിഷ്കാരങ്ങളിലെങ്കിലും പങ്കെടുത്ത ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായം 2019 ജൂലൈ ഒന്നിന് 20നും 30നും മധ്യേ. പട്ടികജാതിവർഗക്കാർക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്. ആകെ 26 സീറ്റുകൾ
അപേക്ഷ വിദഗ്ധ സമിതി പരിശോധിച്ചു പ്രാഥമിക പരീക്ഷ, ഓഡിഷൻ എന്നിവ നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ജയ്പൂർ, പാറ്റ്ന, ഭുവനേശ്വർ, ഡൽഹി, ബംഗളൂരു, മുംബൈ, ഭോപ്പാൽ, ചണ്ഡിഗഡ്. ലക്നോ, കോൽക്കത്ത, ഗോഹട്ടി, ചെന്നൈ എന്നിവിടങ്ങളിലാണു പ്രാഥമിക പരീക്ഷയ്ക്കു കേന്ദ്രങ്ങൾ. ഇതിൽ മികവുള്ളവരെ അഞ്ചു ദിവസം നീളുന്ന ശില്പശാലയിൽ പങ്കെടുപ്പിക്കും. തുടർന്നാണ് തെരഞ്ഞെടുപ്പ്. ശില്പശാലയിൽ പങ്കെടുക്കാൻ എത്തുന്നവർക്കു രണ്ടാം ക്ലാസ് ട്രെയിൻ ടിക്കറ്റും താമസ സൗകര്യവും ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 8,000 രൂപ സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷാഫോമും പ്രോസ്പെക്ടസും വെബ്സൈറ്റിൽനിന്നു ഡൗണ്ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 225 രൂപ. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഫീസ് 50 രൂപ.
ഏപ്രിൽ 15നകം അപേക്ഷിക്കണം. വെബ്സൈറ്റ്: www.nsd.gov.in. വിലാസം: അക്കാഡമിക് സെക്ഷൻ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ബഹവൽപൂർ ഹൗസ്, ഭഗവാൻദാസ് റോഡ്, ന്യൂഡൽഹി 110001.