പൊള്ളിക്കുന്ന അടുക്കള ബിൽ
നാസിക്കിലെ ബിസിനസുകാരനായ പ്രേം ചന്ദ് ശുക്ല പോലീസ് സ്റ്റേഷനിലെത്തിയത് ഒരു ട്രക് ലോഡ് സവാള കാണാനില്ലെന്ന പരാതിയുമായാണ്. നാസിക്കിൽനിന്നു ഖോരഖ്പൂരിലേക്ക് അയച്ചതാണ് സവാള. വില ഏതാണ്ട് 20 ലക്ഷം രൂപയോളം വരും.

ഉള്ളി നിറച്ച ട്രക്ക് നവംബർ 22- ന് ഖോരഖ്പൂരിൽ എത്തേണ്ടതായിരുന്നു. ശിവപുരിയിൽനിന്നുള്ള ട്രക്കിലാണ് ഉള്ളി കയറ്റി അയച്ചത്. ഇപ്പോൾ ട്രക്കും ഡ്രൈവറും അപ്രത്യക്ഷമായിരിക്കുകയാണ്. പോലീസിന്‍റെ അന്വേഷണത്തിനൊടുവിൽ കണ്ടെത്താനായാത് ഒഴിഞ്ഞ ട്രക്കു മാത്രമായിരുന്നു.
സവാള ചില്ലറ വില 120-180 രൂപയായതോടെ സവാള മോഷണത്തിന്‍റെ കഥകൾ രാജ്യത്തൊട്ടാകെയുള്ള നഗരങ്ങളിൽ ഉയരുകയാണ്. മോഷണം മാത്രമല്ല, മൊബൈൽ ഫോണ്‍, സ്കൂട്ടർ തുടങ്ങിയവ കണ്‍സ്യൂമർ ഉത്പന്നങ്ങൾ വാങ്ങുന്പോൾ സൗജന്യമായി ചെറിയ ഉള്ളിയോ സവാളയോ നൽകുന്ന കാഴ്ച പലയിടങ്ങളിലും കൗതുകമല്ലാതായിത്തീരുകയാണ്.
അടുത്തയിടെ വിവാഹത്തിന് വധു വരന്മാർ പരസ്പരം ഇട്ടതു സവാള മാലയാണ്. സവാളയുടെ സ്റ്റാറ്റസ് പോയ പോക്ക്!

എത്രനാൾ ഈ വില

അടുക്കളയിലുള്ളവരെ കരയിക്കുക സവാളയുടെ സ്വഭാവമാണ്. എന്നാൽ ഇത്തവണ കരയിക്കുന്നത് മറ്റൊരു കാരണംകൊണ്ടാണ്. വിലക്കയറ്റംകൊണ്ട്. കിലോഗ്രാമിന് 180 രൂപ വരെ വിലയുണ്ടിപ്പോൾ സവാളയ്ക്ക്. ചവുന്നുള്ളിക്ക് 200 രൂപയും. ഈ വിലക്കയറ്റമുണ്ടാകുന്പോഴും ഉത്പാദകരായ കർഷകർക്കു ലഭിക്കുന്നത് 50 രൂപയ്ക്കു താഴെയാണെന്നതാണ് പരിതാപകരമായ സ്ഥിതി.

വരൾച്ച, വെള്ളപ്പൊക്കം, മണ്‍സൂണ്‍ വരവ് താമസിക്കുന്നത്, വിതരണശൃംഖലയിലെ അപാകത, വിളനാശം തുടങ്ങി പല കാരണങ്ങളാൽ സവാള രണ്ടുമൂന്നും വർഷത്തിലൊരിക്കൽ പിടിവിട്ടു പോകുന്നത് പതിവായിട്ടുണ്ട്. പലപ്പോഴും ഏതാനും മാസങ്ങൾകൊണ്ട് സാധാരണ നിലയിലേക്കു വില തിരിച്ചുവരാറുണ്ട്. സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത്തവണ ആ പ്രതീക്ഷയും വേണ്ടെന്നാണ് ബംഗളരൂ ആസ്ഥാനമാക്കിയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) പഠനം പറയുന്നത്. ഇപ്പോഴത്തെ സ്ഥിതിവിശേഷം അടുത്ത മാർച്ച് വരെ തുടരുമെന്നാണ് അവരുടെ വിലയിരുത്തൽ.
ഗുജറാത്ത്, മധ്യപ്രദേശ്, കർണാടകത്തിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കമാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്നും ഐഎസ്ഇസി വിലിയരുത്തുന്നു.
2013, 2015, 2017, ഇപ്പോൾ 2019 വർഷങ്ങളിൽ സവാള വില കുതിച്ചിരുന്നു. അതായത് ഒന്നിടവിട്ട വർഷങ്ങളിൽ സവാള വില കുതിച്ചുകയറാനുള്ള പ്രവണത കാണിക്കുന്നു.

രാജ്യത്തെ സവാള കൃഷി വിസ്തീർണം 1980-81-ലെ 2.5 ലക്ഷം ഹെക്ടറിൽനിന്ന് 2017-18-ൽ 12 ലക്ഷം ഹെക്ടറായി വളർന്നിട്ടുണ്ട്. ഈ കാലയളവിൽ ഉത്പാദനം രണ്ടര ദശലക്ഷം ടണ്ണിൽനിന്ന് 21.4 ദശലക്ഷം ടണ്ണായി ഉയരുകയും ചെയ്തു. രാജ്യത്തെ ശരാശരി വാർഷിക ഉപയോഗമിപ്പോൾ 18 ദശലക്ഷം ടണ്ണാണ്. ഉപഭോഗത്തിൽ പ്രതിവർഷം മൂന്നു ശതമാനം വളർച്ചയുമുണ്ടാകുന്നുണ്ട്. ഉത്പാദനത്തിൽ 2-20 ശതമാനം വരെ നശിച്ചുപോകുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, ടർക്കി, ഇറാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷം ടണ്ണോളം സവാള യാണ് ഉടനേ ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇവ ആനവായിൽ അന്പഴങ്ങ എന്ന സ്ഥിതിയേ ഉണ്ടാക്കുന്നുള്ളു. കഴിഞ്ഞ മൂന്നു മാസമായി സവാള വില വർധിക്കുകയായിരുന്നു. ഇത്തവണ മഹാരാഷ്ട്രയിലും മറ്റും ലഭിച്ച അധികമഴയാണ് സവാള ലഭ്യത കുറച്ചത്. രാജ്യത്തെ ഏറ്റവും വലിയ സവാള വിപണിയായ നാസിക്കിൽ ഡിസംബർ ആദ്യവാരം മുൻവർഷമിതേ കാലയളവിലേതിനേക്കാൾ 80 ശതമാനം കുറവ് ചരക്കാണ് എത്തിയിട്ടുള്ളത്.

ഉള്ളി വില മാത്രമല്ല, പഴം, പച്ചക്കറി, മീൻ, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലകളെല്ലാം ഉയരുകയാണ് ഇന്ത്യയിൽ.

പഴം, പച്ചക്കറികളുടെ വില, പ്രത്യേകിച്ച് ഉള്ളി വില വർധന, ചില്ലറവിലക്കയറ്റത്തോത് 16 മാസത്തെ ഏറ്റവും ഉയരത്തിൽ എത്തിച്ചിരിക്കുകയാണ്. റിസർവ് ബാങ്കിന്‍റെ മധ്യകാല ലക്ഷ്യമായിരുന്ന നാലു ശതമാനത്തിനു മുകളിലാണ് ഒക്ടോബറിലെ ചില്ലറവിലക്കയറ്റത്തോത് (4.64 ശതമാനം). 2018 ജൂലൈക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഒക്ടോബറിൽ ഗ്രാമീണ മേഖലയിലെ വിലക്കയറ്റത്തോത് 4.3 ശതമാനവും നഗരമേഖലയിലെ വിലക്കയറ്റത്തോത് 5.1 ശതമാനവുമാണ്.

ഉള്ളി മാത്രല്ല പയറും പച്ചക്കറികളും

ഇന്ത്യയിലെ ഭക്ഷ്യവിലക്കയറ്റം ചില്ലറവിലക്കയറ്റത്തോതിന്‍റെ ഏതാണ്ട് ഇരട്ടിയോളമാണ്. അതായത് എട്ടു ശതമാനത്തിലധികം. ഈ വിലക്കയറ്റത്തിൽ മുഖ്യ പങ്ക് സംഭാവന ചെയ്യുന്നത് പയർവർഗങ്ങൾ (12 ശതമാനം), പച്ചക്കറികൾ (26 ശതമാനം), മീൻ, ഇറച്ചി (10 ശതമാനം) തുടങ്ങിയവയാണ്.

നിരവധി വർഷങ്ങളായി ഭക്ഷ്യവില കുറഞ്ഞുനിന്നതിനുശേഷമാണ് ഇപ്പോൾ ഭക്ഷ്യവില ഉയർന്നു തുടങ്ങിയിട്ടുള്ളത്. 2012-15 കാലയളവിൽ ശരാശരി ഭക്ഷ്യവിലക്കയറ്റം 8.5 ശതമാനമായിരുന്നത് 2016-19-ൽ 2.4 ശതമാനത്തിലേക്കു താഴ്ന്നു നിൽക്കുകയായിരുന്നു. അതാണിപ്പോൾ ഉള്ളിയുടെ പിന്തുണയോടെ കുതിച്ചു തുടങ്ങിയിട്ടുള്ളത്.

കഴിഞ്ഞ 2-3 വർഷങ്ങളിൽ കുറഞ്ഞു നിന്ന ഭക്ഷ്യവില കാരണം ഉത്പാദനം കുറയുവാൻ ഇടയാക്കിയിട്ടുണ്ട്. ഇതോടൊപ്പമാണ് ഈ വർഷത്തെ സമയം തെറ്റിച്ച കാലവർഷവും ഉത്പാദനത്തെ ബാധിച്ചിരിക്കുന്നത്. പയർ, പരിപ്പു വർഗങ്ങളുടെ വിലയാണ് ഏറ്റവുമധികം ഉയരുന്നത്. 2019-20-ൽ ശരാശരി ഭക്ഷ്യവിലക്കയറ്റത്തോത് 3.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

ഇന്ത്യയുടെ ചില്ലറവിലക്കയറ്റോത്തോതിന്‍റെ 50 ശതമാനത്തോളം സംഭാവന ഭക്ഷ്യവസ്തുക്കളിൽനിന്നാണ്. ഭക്ഷ്യവിലക്കയറ്റം ഒക്ടോബറിൽ 7.89 ശമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. സെപ്റ്റംബറിലിത് 5.11 ശതമാനമായിരുന്നു. നഗരമേഖലകളിലെ ഭക്ഷ്യവിലക്കയറ്റം 10.5 ശതമാനത്തിലാണിപ്പോൾ. ഗ്രാമീണ മേഖലയിലിത് 6.4 ശതമാനമാണ്.

2018 ഡിസംബർ വരെ ഡിഫ്ളേഷനിലായിരുന്ന മൊത്തവിലക്കയറ്റമിപ്പോൾ ഏഴു ശതമാനത്തിലേക്ക് കുതിച്ചുയർന്നിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ചില്ലറവിലയും മൊത്തവിലയും ഉയരുകയാണെന്നതാണ് ആശങ്കപ്പെടുത്തുന്ന സംഗതി. ബിജെപി സർക്കാർ 2014-ൽ അധികാരത്തിൽ എത്തിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന ഭക്ഷ്യവിലക്കയറ്റമാണിത്.
ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സന്പദ്ഘടനയായ ഇന്ത്യയിലെ തൊഴിലില്ലായ്മ ഒക്ടോബറിൽ 8.45 ശതമാനമാണ്. 2016 ഓഗസ്റ്റിനുശേഷമുള്ള ഉയർന്ന നിരക്കാണിതെന്ന് മുംബൈ കേന്ദ്രമായുള്ള സെന്‍റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) കണക്കാക്കുന്നു.

സന്പദ്ഘടന കുറഞ്ഞുകുറഞ്ഞു വരുന്പോഴാണ് ഭക്ഷ്യവിലക്കയറ്റം തലപൊക്കിത്തുടങ്ങിയിട്ടുള്ളത്. സാന്പത്തികതളർച്ചയ്ക്കിടയിലും കുറഞ്ഞുനിന്ന ഭക്ഷ്യവിലയാണ് ഇന്ത്യക്കാരെ വലിയൊരളവുവരെ പിടിച്ചു നിർത്തിയിരുന്നത്. ഉപഭോഗം കുറയുകയും പട്ടണി വർധിക്കുകയുമാണെന്ന് പുറത്തുവിടാത്ത കണ്‍സ്യൂമർ സർവേ റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണത്തിനുവേണ്ടി ചെലവഴിക്കുന്ന തുകയിൽ കഴിഞ്ഞ ആറു വർഷക്കാലത്ത് കുറവു വന്നുവെന്ന് കണ്‍സ്യൂമർ സർവേ വ്യക്തമാക്കുന്നു.

ചുരുക്കത്തിൽ തൊഴിലും വരുമാനവും കുറയുന്ന ഇന്ത്യക്കാർ വലിയൊരു ഭക്ഷ്യ വിലവർധനയെ നേരിടേണ്ട അവസ്ഥയിലാണ്. ഇത് കൂടുതൽ ഇന്ത്യക്കാരെ പട്ടിണിയിലേക്കു തള്ളിവിടും. മറ്റ് കണ്‍സ്യൂമർ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കുറയുകയും ഭക്ഷ്യ വസ്തുക്കൾക്കു ആവശ്യക്കാ രേറുകയുമാണ്.

നവോദയ രാജ്യങ്ങൾ വിലക്കയറ്റ ഭീഷണിയിൽ

ന​വോ​ദ്യ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​വി​ല ഉ​യ​രു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി അ​ട​ങ്ങി നി​ന്നി​രു​ന്ന പ​ണ​പ്പെ​രു​പ്പം വീ​ണ്ടും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ഉ​ള്ളി​വി​ല കു​തി​ക്കു​ന്പോ​ൾ ചൈ​ന​യി​ൽ പോ​ർ​ക്കി​ന്‍റെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​ക്ക​യ​റ്റ​മാ​ണ് ഒ​ക്ടോ​ബ​റി​ലേ​തെ​ന്നാ​ണ് യു​എ​ൻ ഡേ​റ്റ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ലോ​ക​ത്തെ പാ​വ​പ്പെ​ട്ട ഉ​പ​ഭോ​ഗ രാ​ജ്യ​ങ്ങ​ളെ​യാ​ണ് ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. വ​രും മാ​സ​ങ്ങ​ളി​ൽ മൂ​ന്നു സാ​ധ്യ​ത​ക​ളാ​ണ് പ​ല ഇ​ക്ക​ണോ​മി​സ്റ്റു​ക​ളും ക​ണ​ക്കാ​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, ഉ​യ​രു​ന്ന ക്രൂ​ഡോ​യി​ൽ വി​ല, ഡോ​ള​റി​ന്‍റെ കു​ത്ത​നെ​യു​ള്ള മൂ​ല്യ​ശോ​ഷ​ണം, ഇ​വ മൂ​ന്നും ഭ​ക്ഷ്യ​വി​ല വ​ർ​ധ​ന​യി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടു​ന്ന​വ​യാ​ണ്.

ഇ​ന്ത്യ​പോ​ലെ വ​ള​ർ​ന്നു​വ​രു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും അ​വ​രു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലാ​ക​ട്ടെ തൊ​ഴി​ലും വ​രു​മാ​ന​വും കു​റ​യു​ക​യാ​ണു​താ​നും.

നൊ​മു​ര ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റ് റി​സേ​ർ​ച്ചി​ന്‍റെ വി​ല​യി​രു​ത്ത​ൽ പ്ര​കാ​രം ഭ​ക്ഷ്യ​കാ​ര്യ​ത്തി​ൽ ദു​ർ​ബ​ല​മാ​യ 110 രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 44 ആ​ണ്. അ​താ​യ​ത് ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ 50 രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്ന്. ഈ ​അ​ന്പ​തു രാ​ജ്യ​ങ്ങ​ളി​ലാ​ണ് ലോ​ക​ത്തെ ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ക​ഴി​യു​ന്ന​ത്.

2010 -2011ലെ ​ഉ​യ​ർ​ന്ന ഭ​ക്ഷ്യ​വി​ല കു​റ​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഏ​തു സ​മ​യം തി​രി​ച്ചു​ക​യ​റാ​വു​ന്ന സ്ഥി​തി​യാ​ണെ​ന്നാ​ണ് നൊ​മു​ര വി​ല​യി​രു​ത്തു​ന്ന​ത്.

ആ​ഗോ​ള ഭ​ക്ഷ്യ​വി​ല ര​ണ്ടു വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ഫാം ​ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ( എ​ഫ്എ​ഒ) ക​ണ​ക്കാ​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ 2.7 ശ​ത​മാ​ന​മാ​ണ് ആ​ഗോ​ള ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​ത്തോ​ത്. ഈ ​വ​ർ​ഷം ഭ​ക്ഷ്യ​വി​ല​ക​ളി​ൽ 10 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ചി​ക്ക​ൻ ചോ​പ്സ്, ആ​ഗോ​ള ഭ​ക്ഷ്യ​യെ​ണ്ണ വി​ല​ക​ൾ തു​ട​ങ്ങി​യ​വ 18 മാ​സ​ത്തെ ഉ​യ​ര​ത്തി​ലാ​ണെ​ന്ന് എ​ഫ്എ​ഒ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ന്ത്യ, ചൈ​ന, തു​ർ​ക്കി, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണെ​ന്നാ​ണ് എ​ഫ്എ​ഒ​യു​ടെ മു​ന്ന​റി​യി​പ്പ്.

എൽപിജിക്കും തീവില

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനൊപ്പം അതു പാകം ചെയ്യുന്നതിനുള്ള ചെലവും വർധിക്കുകയാണ്. ഡിസംബർ ഒന്നു മുതൽ എൽപിജി സിലണ്ടറിന്‍റെ വില വർധിപ്പിച്ചിരിക്കുകയാണ്. 2019-ൽ ഈ വർഷം തുടർച്ചയായ നാലാമത്തെ പ്രാവശ്യമാണ് എൽപിജി സിലണ്ടറിന്‍റെ വില കൂട്ടുന്നത്.

ഇന്ത്യയിൽ പ്രതിദിനം 30 ലക്ഷം സിലണ്ടറുകൾ വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ 14.2 കിലോഗ്രാം സിലണ്ടറിന് ഡൽഹിയിൽ ഈടാക്കുന്നത് 695 രൂപയാണ്. മുംബൈയിൽ 665 രൂപയും ചെന്നൈയിൽ 714 രൂപയും കൊൽക്കൊത്തയിൽ 725 രൂപയും കൊച്ചിയിൽ 685 രൂപയുമാണ്. നവംബറിൽ സിലണ്ടറിന് 76 രൂപയോളം വർധിച്ചു.

ഓഗസ്റ്റിൽ ഡൽഹിയിൽ 574.5 രൂപയും മുംബൈയിൽ546 രൂപയും കൊൽക്കൊത്തയിൽ 601 രൂപയും ചെന്നൈയിൽ 591 രൂപയുമായിരുന്നു വില.ഓഗസ്റ്റ് മുതൽ സിലണ്ടറിന് 120.5 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

ഒരു കുടുംബത്തിന് ഒരു വർഷം 12 സിലണ്ടറാണ് സബ്സിഡിയോടെ ലഭിക്കുക. സബ്സിഡി ഒരോ മാസവും സർക്കാർ അക്കൗണ്ടിലേക്ക് നൽകുകയാണ്.