തൃശൂർ: ടിക് ടോക് മലയാളത്തിലെ മികച്ച സംഗീതപ്രതിഭകളെ കണ്ടെത്താൻ മ്യൂസിക് സ്റ്റാർ മലയാളം അവതരിപ്പിച്ചു. ലോക സംഗീതദിനമായ 21നു നടക്കുന്ന ഫൈനലിൽ വിജയികളെ പ്രഖ്യാപിക്കും. കാഷ് അവാർഡുകൾക്കു പുറമെ, ഒരു മ്യൂസിക് ലേബലിൽ സംഗീതം റിക്കാർഡ് ചെയ്യുന്നതിനും റിലീസ് ചെയ്യുന്നതിനും അവസരം ലഭിക്കും. മലയാളം ഉൾപ്പെടെ ആറ് ഇന്ത്യൻ ഭാഷകളിലാണ് മത്സരം.
പിന്നണിഗായിക കെ.എസ്. ചിത്രയാണ് മലയാളത്തിന്റെ വിധികർത്താവ്. മത്സരാർഥികൾ തങ്ങളുടെ വീഡിയോ #Music Star Malayal am എന്ന ഹാഷ്ടാഗിൽ അപ്ലോഡ്ചെയ്യണം. സോണി മ്യൂസിക്, ടൈംസ് മ്യൂസിക്, സ്പീഡ് റെക്കോർഡ്സ്, ആദിത്യ മ്യൂസിക്, ആനന്ദ ഓഡിയോ, ലാഹിരി മ്യൂസിക്, മ്യൂസിക്-247, അമര മ്യൂസിക് എന്നിവരാണ് വിജയികളുടെ സംഗീതം റിലീസ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് www.tiktok.com
തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിലെ മത്സരങ്ങൾക്കു ജി.വി. പ്രകാശ്, സംഗീത രാജീവ്, സുഖ്- ഇ, അനൂപ് രൂബെൻസ്, നൂസ്രത്ത് ജഹാൻ എന്നിവർ വിധികർത്താക്കളാകും.
മ്യൂസിക് സ്റ്റാർ മലയാളത്തിനു മൂന്നു ഘട്ടങ്ങളുണ്ട്. 14നു സമാപിക്കുന്ന ഒന്നാംഘട്ടത്തിൽ കൂടുതൽ ലൈക്കുകൾ, ഗുണനിലവാരം, സംഗീത ഉള്ളടക്കം എന്നിവയുടെ അടിസ്ഥാനത്തിൽ 10 വിജയികളുടെ ചുരുക്കപ്പട്ടിക തയാറാക്കും. രണ്ടാംഘട്ടമായ 15നു വോട്ടിംഗ് പ്രക്രിയ ആരംഭിക്കും. ആറു ഭാഷകളിൽനിന്ന് 60 പേർ മത്സരാർത്ഥിപ്പട്ടികയിൽ ഉണ്ടാകും. മൂന്നാംഘട്ടം 21 നാണ്. ഓരോ ഭാഷയിൽനിന്ന് ഏറ്റവും കൂടുതൽ വോട്ടുനേടിയ അഞ്ചു ഫൈനലിസ്റ്റുകളെ വിജയികളായി പ്രഖ്യാപിക്കും.
വിജയികൾക്ക് ഇന്ത്യയിലെ മുൻനിര സംഗീത ലേബലായ റെസ്സോയുമൊത്ത് സംഗീതം റിക്കാർഡ്ചെയ്യാൻ അവസരം ലഭിക്കും. ഒപ്പം കാഷ് പ്രൈസുകളും.