x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമലയിൽ തിരക്കില്ല; അട്ടിമറിയോ? ബോർഡിന് ആശയക്കുഴപ്പം

വെബ് ഡെസ്ക്
Published: November 23, 2026 05:04 PM IST | Updated: November 23, 2026 05:14 PM IST

പ്രതീകാത്മക ചിത്രം.

ശബരിമല: ശബരിമലയിൽ ആദ്യ ദിനങ്ങളിൽ പതിവിൽനിന്നു വ്യത്യസ്തമായി തിരക്ക് തീരെ കുറഞ്ഞതിൽ ആശയക്കുഴപ്പവും അന്വേഷണവും. വെർച്വൽ ക്യൂ ബുക്കിംഗ് കൂട്ടിയിട്ടും ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിച്ചില്ല ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്.

പ്രതിദിനം 85,000 തീർഥാടകർക്കു ദർശനത്തിനു സൗകര്യമൊരുക്കിയെങ്കിലും 25,000ത്തോളം പേരുടെ കുറവുണ്ടായി. ശനി, ഞായർ ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നു കരുതിയെങ്കിലും കാര്യമായ വരവുണ്ടായില്ല. വെള്ളിയാഴ്ച 60,635 പേരും ശനിയാഴ്ച 61,672 പേരും ഞായറാഴ്ച വൈകിട്ട് വരെ 51,152 പേരുമാണ് ദർശനം നടത്തിയത്.

ബുക്കിംഗ് പൂർണം, പക്ഷേ

വെർച്വൽ ക്യൂ സൈറ്റുകളിൽ ഡിസംബർ അവസാനം വരെയുള്ള സ്ലോട്ടുകളെല്ലാം പൂർണമായും ബുക്ക് ചെയ്ത സ്ഥിതിയിലാണ്. എന്നാൽ, ബുക്കിംഗ് പൂർണമായ അവസ്ഥയിലും ഒരു വിഭാഗം ശതമാനം തീർഥാടകർ ദർശനത്തിന് എത്തുന്നില്ല എന്നതാണ് കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്.

ഇതരസംസ്ഥാനങ്ങളിൽ ആരെങ്കിലും ബുക്കിംഗിൽ ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകൾ നടത്തുന്നുണ്ടോയെന്ന സംശയമാണ് ശക്തമായിരിക്കുന്നത്. ശബരിമലയിലേക്കു വൻ തോതിൽ തീർഥാടകർ വരുന്നതിൽ എതിർപ്പുള്ള ചില ആളുകൾ ഇതരസംസ്ഥാനങ്ങളിൽ ഉള്ളതായി പറയപ്പെടുന്നു.

തീർഥാടകരുടെ എണ്ണം കാര്യമായി കുറഞ്ഞാൽ അത് മറ്റു പല മേഖലകളെയും ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ശബരിമല സീസൺ ലക്ഷ്യമിട്ടു വ്യാപാരവും മറ്റു ബിസിനസുകളും നടത്തുന്നവരും ആശങ്കയിലാണ്. അതുപോലെ തന്നെ അരവണയും അപ്പവും വൻ തോതിൽ കരുതിവച്ച ബോർഡിനും ഇതു തിരിച്ചടിയാണ്. വരും ദിവസങ്ങളിൽ ഭക്തരുടെ എണ്ണം കൂടിയില്ലെങ്കിൽ കൂടുതൽ സ്റ്റോക്ക് ചെയ്തതു കേടായിപ്പോകുമോയെന്ന ആശങ്ക ചിലർ പങ്കുവയ്ക്കുന്നു.

നിലയ്ക്കൽ കൂടാതെ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് ഉണ്ട്. തീർഥാടകരുടെ തിരക്ക് ഗണ്യമായി കുറഞ്ഞതോടെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുടെയും എണ്ണം കൂട്ടണമെന്ന ആവശ്യം ചിലർ മുന്നോട്ടുവച്ചിട്ടുണ്ട്.
നിലയ്ക്കലിലാണ് പ്രധാന സ്പോട്ട് ബുക്കിംഗ് സെന്‍റർ. നിലവിൽ പന്പയിൽ ബുക്കിംഗ് ഇല്ല. ഹൈക്കോടതിയുടെ നിർദേശം കണക്കിലെടുത്തു പമ്പയിലെ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലേക്കു മാറ്റിയതാണ്.

അന്വേഷണം നടത്തും

അതേസമയം, ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി. മുരളീധരൻ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദിവസേനയുള്ള വെർച്വൽ ക്യൂ ബുക്കിംഗിൽ 5,000 ഭക്തരുടെ വർധന വരുത്താൻ ഹൈക്കോടതിയുടെ അനുമതി തേടുന്നതും പരഗണനയിലുണ്ട്.

ഇതിനിടെ, ഒരു തവണ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയിട്ട് വരാതിരുന്നവർക്ക് പിന്നീട് ബുക്കിംഗ് സാധിക്കില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. എന്നാൽ, ഇതു തെറ്റാണെന്നു ദേവസ്വം ബോർഡ് അറിയിച്ചു.

Tags : Sabarimala controversy Crowd of pilgrims spotbooking confusion Devaswam Board Investigation

Recent News

Corehub Up