യാത്രക്കാരെ നനയ്ക്കുന്ന റെയിൽവേ
Tuesday, May 27, 2025 11:48 PM IST
കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ, ഒന്നാം നന്പർ പ്ലാറ്റഫോംമിൽ വൈകുന്നേരം ആറിന് കാത്തിരിക്കുകയായിരുന്നു. പല ട്രെയിനുകൾ വന്നുനിന്നു, പിന്നെ, ‘പറന്നു ’ കടന്നുപോയി.
ഇതിനിടയിൽ ശക്തിയായി മഴ വന്നു. യാത്രക്കാർക്ക് കാത്തുനിൽക്കേണ്ടിവന്നത് മഴ നനയാതെ സംരക്ഷണം കിട്ടുന്ന പ്ലാറ്റഫോം ഭാഗത്തല്ലായിരുന്നു. ഇറങ്ങുന്നവരും പെരുമഴ നനഞ്ഞു മഴയത്തു തന്നെ ഇറങ്ങി ഓടിക്കൊണ്ടിരുന്നു.
മഴ നനഞ്ഞോടുന്ന യാത്രക്കാരെ കണ്ടപ്പോൾ അതിശയം തോന്നി. ഇന്ത്യൻ റെയിൽവേ ഇത്ര വളർന്ന, ഇക്കാലത്തും കയറാനും ഇറങ്ങാനും യാത്രക്കാർ മഴ നനയണോ!
യാത്രക്കാർക്ക് വേണ്ടിടത്തോളം റെയിൻ ഗാർഡുകൾ ഉണ്ടാക്കാൻ, ഷെൽട്ടർ പണിയാൻ ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഞെരുക്കത്തിലാണോ? ഇതു ശരിയല്ല, ഒരു ക്ഷേമരാഷ്ട്രത്തിന് അഭിമാനകരമായ അവസ്ഥയുമല്ല. ഇന്ത്യൻ റെയിൽവേ ഒരു റെയിൽ യാത്രക്കാരനെയും നനച്ചു വിടരുത്. സത്വര നടപടികൾ വേണം.
അഡ്വ. ഫിലിപ്പ് പഴേന്പള്ളി, പെരുവ