മാസ്ക് നിർബന്ധമാക്കണം
Thursday, May 29, 2025 12:29 AM IST
മഴക്കാലം എത്തിയതോടെ വൈറൽ പനിയും കോവിഡും മറ്റ് സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളിലും പൊതുവാഹനങ്ങളിലും പ്രത്യേകിച്ച് ആശുപത്രികളിലും ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കണം. ഇക്കാര്യത്തിൽ ഗൗരവമായ നടപടിയിലേക്ക് സർക്കാർ നീങ്ങണം.
ഇല്ലെങ്കിൽ ആശുപത്രികളിൽ കിടക്കകൾ ലഭ്യമാകാത്ത വിധം രോഗികളെക്കൊണ്ട് നിറയും. മാത്രവുമല്ല നിയന്ത്രണാതീതമായി രോഗികൾ എത്തുന്നതോടെ ആശുപത്രികളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാവും.
ഇതുമൂലം വിലപ്പെട്ട ജീവനുകൾ പൊലിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകും. അതിനാൽ ആരംഭത്തിൽതന്നെ മുൻകരുതലിലൂടെ രോഗികളുടെ എണ്ണം കുറയ്ക്കാനായി അടിയന്തരമായി സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജനങ്ങൾക്ക് മാസ്ക് നിർബന്ധമാക്കാൻ സർക്കാർ തയാറാകണം.
റോയി വർഗീസ്, മുണ്ടിയപ്പള്ളി