പ്ലസ്ടുവിലും ബയോളജി ഒറ്റ വിഷയമാക്കണം
Thursday, May 29, 2025 12:34 AM IST
മറ്റു മിക്ക സംസ്ഥാനങ്ങളിലും എന്നപോലെ കേരളത്തിലും പത്താം ക്ലാസ് കഴിഞ്ഞുള്ള പ്ലസ്ടു, വിഎച്ച്എസ്ഇ കോഴ്സുകൾ തുല്യമാണ്. രണ്ടിടത്തും ഒരേ പുസ്തകങ്ങളാണ്. ഒരേ യോഗ്യതയുള്ള അധ്യാപകരാണ് പഠിപ്പിക്കുന്നതും.
എന്നാൽ, വിഎച്ച്എസ്ഇയിൽ ബയോളജി ഒറ്റ വിഷയമാണ്. സുവോളജിയും ബോട്ടണിയും രണ്ടു പുസ്തകമായാണ് ഉള്ളതെങ്കിലും രണ്ടും ഒരാൾതന്നെയാണു പഠിപ്പിക്കുന്നത്, സുവോളജിയിലോ ബോട്ടണിയിലോ പിജി ഉള്ളവർ. ഈ രണ്ടു കൂട്ടരും ഡിഗ്രി തലത്തിൽ മറ്റേ വിഷയവും തുല്യമികവോടെ പഠിച്ചവരാണ്.
പക്ഷേ പ്ലസ്ടുവിൽ സുവോളജിയും ബോട്ടണിയും രണ്ട് അധ്യാപകരാണ് എടുക്കുന്നത്. പരീക്ഷ ഒന്നിച്ചാണെങ്കിലും അവയുടെ പ്രാക്ടിക്കൽ പരീക്ഷയും പരീക്ഷാ മൂല്യനിർണയവും രണ്ടായാണ് നടക്കുന്നത്. അതതു വിഷയത്തിൽ പിജി ഉള്ളവരാണ് വിഷയം കൈകാര്യം ചെയ്യുന്നത്.
ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 60 മാർക്കിന്റെ എഴുത്തുപരീക്ഷയും 40 മാർക്കിന്റെ പ്രാക്ടിക്കലും നടക്കുമ്പോൾ പ്ലസ്ടു കുട്ടികൾക്ക് ഓരോ വർഷവും സുവോളജി, ബോട്ടണി എന്നിവയ്ക്ക് 30 മാർക്കിന്റെ പരീക്ഷയും രണ്ടാം വർഷം 20 മാർക്കിന്റെ പ്രാക്ടിക്കലുമാണുള്ളത്. എന്നാൽ, ഫലം വരുമ്പോൾ രണ്ടുംകൂടി ചേർത്ത് ബയോളജി ആയി തന്നെയാണ് എഴുതുന്നത്.
പ്ലസ് ടു തലത്തിൽ സുവോളജിക്കും ബോട്ടണിക്കും ജൂണിയർ അധ്യാപകരുടെ എണ്ണമാണ് കൂടുതൽ. എന്നാൽ വിഎച്ച്എസ്ഇയിൽ ബയോളജിയുടെ സീനിയർ അധ്യാപകരാണുള്ളത്. സ്കൂൾ ഏകീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലസ്ടുവിലും ബോട്ടണിയും സുവോളജിയും ചേർത്ത് ബയോളജി എന്ന ഒറ്റ വിഷയമാക്കി ഒരേ ആൾ തന്നെ പഠിപ്പിക്കുന്ന രീതി വരണം.
അപ്പോൾ രണ്ട് ജൂണിയർ അധ്യാപകർക്കു പകരം എല്ലാ സ്കൂളിലും ഒരു സീനിയർ അധ്യാപകൻ മതി എന്ന അവസ്ഥ വരുന്നതിനാൽ ബയോളജിയിലെ, കാര്യമായ ജോലി ഇല്ലാത്ത അനാവശ്യമായ തസ്തികകൾ കുറയ്ക്കാനും സാധിക്കും.
ജോഷി ബി. ജോൺ മണപ്പള്ളി