തൊഴിലപകടങ്ങൾ ഒഴിവാക്കണം
Saturday, May 31, 2025 12:20 AM IST
കഴിഞ്ഞദിവസം സംസ്ഥാനത്തൊരിടത്ത്, നിർമാണപ്രവർത്തനത്തിലേർപ്പെട്ടിരുന്ന തൊഴിലാളി, നിന്നിരുന്ന തട്ടു തകർന്ന് മുകളിൽനിന്നു താഴേക്കു പതിച്ചപ്പോൾ മറ്റൊരാൾ കൈകൾ നീട്ടിപ്പിടിച്ചു രക്ഷിച്ച വാർത്തയും ദൃശ്യങ്ങളും വൈറലായിരുന്നുവല്ലോ.
ഉയരമുള്ള കെട്ടിടങ്ങളുടെയും ടവറുകളുടെയും മുകളിൽ നിർമാണ, പെയിന്റിംഗ്, റിപ്പയറിംഗ് ജോലികൾക്കായി കയറുന്ന തൊഴിലാളികളിൽ ചിലർ താഴേക്കു വീണു മരണമടയുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഉയരത്തിൽ നിന്നു പണിയെടുക്കുന്ന ഇവർ കാൽവഴുതുക, പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യം തുടങ്ങിയ കാരണങ്ങളാൽ ബാലൻസ് തെറ്റി അപ്രതീക്ഷിതമായി നിലംപതിച്ചേക്കാം. ഇത് അവരുടെ കുടുംബങ്ങൾക്ക് വൻ ദുഃഖവും നഷ്ടവുമാണുണ്ടാക്കുക.
“ഇത്തരം തൊഴിൽ ചെയ്തു തഴന്പിച്ചവരാണ്, അപകടമൊന്നുമുണ്ടാകില്ല” എന്ന ഒഴുക്കൻ മനോഭാവമാണ് നാട്ടിൽ പലയിടത്തും കാണാനാകുന്നത്. തൊഴിൽ ചെയ്യുന്നവരും കൊടുക്കുന്നവരും സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പാക്കിയശേഷം മാത്രമേ പണി തുടങ്ങാവൂ.
ഇക്കാര്യത്തിൽ, വിദേശരാജ്യങ്ങളിലുള്ളതുപോലെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനാകുമല്ലോ. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷാ നിബന്ധന ഉറപ്പാക്കുന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി