ഷെയ്ഖ് സായിദ് - മഹാത്മജി ഡിജിറ്റൽ മ്യൂസിയം തുറന്നു
Wednesday, December 5, 2018 9:48 PM IST
അബുദാബി: ലോകം ആദരിച്ച രാഷ്ട്രപിതാക്കൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ആദരവ് അർപ്പിച്ച് യു എ ഇ ഭരണകൂടം ഇരുരാജ്യങ്ങൾ തമ്മിലുള്ള ഊഷ്‌മള ബന്ധത്തിന് സ്‌മാരകം തീർത്തു .

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും യു എ ഇ യുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെയും സ്‌മരണകൾ ഉണർത്തുന്ന മ്യൂസിയത്തിനാണ് അബുദാബിയിലെ മനാറത്ത് അൽ സാദിയത്തിൽ തുടക്കമായത് . രണ്ടു ദിവസത്തെ സന്ദർശനത്തിന് യുഎഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനവാർഷികത്തിന്‍റേയും ഷെയ്ഖ് സായിദിന്‍റെ ജന്മശതാബ്ദിയുടേയും ആഘോഷവേളയിലാണ് ഡിജിറ്റൽ മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടത് .20 പടുകൂറ്റൻ എൽസിഡി ടിവി കളിൽ ഇരു നേതാക്കളുടെയും സന്ദേശങ്ങൾ , ജീവിത വീക്ഷണങ്ങൾ , ചരിത്രത്തിലേക്ക് മിഴി തുറക്കുന്ന ചിത്രശേഖരങ്ങൾ എന്നിവ പ്രദർശിപ്പിക്കും . നാളത്തെ തലമുറ ഈ ചരിത്രപരുഷന്മാരുടെ ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ പ്രേരിപ്പിക്കും വിധമാണ് മ്യൂസിയം വിഭാവന ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു .

അതിരുകളില്ലാത്ത സ്നേഹവായ്പിലൂടെയും, അവർണനീയമായ മനുഷ്യത്വത്തിലൂടെയും അഭേദ്യമായ പോരാട്ടവീര്യത്തിലൂടെയും ഇരു രാജ്യങ്ങളിലെയും ജനതയെ നയിച്ച ദാർശനികരായ ഈ നേതാക്കൾ നാളത്തെ ഭാവി തലമുറയെ ചലിപ്പിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും അഭിപ്രായപ്പെട്ടു .

സാധാരണ കാണുന്ന ഒരു മ്യൂസിയത്തിന്‍റെ ചിട്ടവട്ടങ്ങളിലല്ല ഈ മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് യു എ ഇ സാംസ്കാരിക - വിജ്ഞാന വകുപ്പ് മന്ത്രി നൗറ മുഹമ്മദ് അൽ കാബി പറഞ്ഞു.

മുഴുവൻ പണികളും അടുത്ത മാർച്ച് മാസത്തോടെ മാത്രമേ പൂർത്തിയാകൂവെന്നാണ് മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്ന ബിരാദ് രാജാറാം യജ്നിക് പറഞ്ഞത്. ഡിസംബർ 4 മുതൽ 10 വരെ മ്യൂസിയം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട് .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള