അബ്ദുൾ ലത്തീഫിനും കുടുംബത്തിനും ഇശൽ ബാൻഡ് അബുദാബിയുടെ സ്നേഹവായ്പിൽ കാരുണ്യ ഭവനം
Monday, August 12, 2019 8:31 PM IST
അബുദാബി: നവകേരള പുനഃസൃഷ്ടിയുടെ ഭാഗമായി കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി 2018 ൽ കേരളം നേരിട്ട മഹാ പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട വരന്തരപ്പിള്ളി പൗണ്ട് ജംഗ്ഷൻ സ്വദേശി അബ്ദുൾ ലത്തീഫിനും കുടുംബത്തിനും നിർമിച്ചു നൽകിയ കാരുണ്യ ഭവനത്തിന്‍റെ താക്കോൽദാനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കലാപ്രിയ സുരേഷ് നിർവഹിച്ചു.

ഇശൽ ബാൻഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് നാദാപുരം അധ്യക്ഷതവഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് കരീം പന്നിത്തടം, സെക്രട്ടറി വി.എസ് പ്രിൻസ്, മഹല്ല് പ്രസിഡന്‍റ് ഹുസൈൻ അരിപ്പുറം, കോൺട്രാക്ടർ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ ലതിക, കടങ്ങോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ജലീൽ ആദൂർ, വാർഡ് മെംബർ പുഷ്പാ കൃഷ്ണൻകുട്ടി, വാർഡ് മെമ്പർ ബിജു കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീക് ഹൈദ്രോസ് സ്വാഗതവും മുൻ ഇശൽ ബാൻഡ് അബുദാബി എക്സിക്യൂട്ടീവ് മെംബർ മുഹമ്മദലി കല്ലൂർമ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള