ഗാസയിൽനിന്ന് ഈജിപ്തിലേക്കുള്ള റഫാ കവാടം അടഞ്ഞു കിടക്കുമെന്ന് ഇസ്രയേൽ
Sunday, October 19, 2025 1:35 AM IST
ജറുസലം: തിങ്കളാഴ്ച ഗാസയിൽനിന്ന് ഈജിപ്തിലേക്കുള്ള റഫാ കവാടം തുറക്കുമെന്ന് ഈജിപ്തിലെ പലസ്തീൻ എംബസി പ്രഖ്യാപിച്ചെങ്കിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് കവാടം വരെ അടഞ്ഞു കിടക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
മരിച്ച ബന്ദികളുടെ മൃതശരീരം തിരികെ നൽകുന്നതിലും അംഗീകരിച്ച ധാരണ നടപ്പിലാക്കുന്നതിലും ഹമാസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചായിരിക്കും കവാടം തുറക്കുന്ന കാര്യം പരിഗണിക്കുകയെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറാൻ വൈകുന്നതിന്റെ പേരിൽ സഹായവണ്ടികൾ തടയുമെന്ന ഭീഷണിയും നെതന്യാഹു ഉയർത്തിയിട്ടുണ്ട്.
വെടിനിർത്തൽ കരാർ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു ഹമാസും വ്യക്തമാക്കി. ഇതുവരെ 68,000 പലസ്തീനികളാണ് സംഘർഷത്തിൽ മരിച്ചത്. വെടിനിർത്തൽ ഒരാഴ്ച പിന്നിടുമ്പോഴും ഗാസയിൽ ആവശ്യത്തിനു സഹായമെത്താത്ത സ്ഥിതിയാണെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. വെടിനിർത്തലിനുശേഷം പ്രതിദിനം 560 ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചെങ്കിലും ഗാസയിലെ ആവശ്യത്തിന് മതിയാവില്ലെന്ന് യുഎൻ ഫുഡ് പ്രോഗ്രാം അറിയിച്ചു.