കുവൈത്തിൽ സംയുക്ത സ്വാതന്ത്ര്യദിന രക്തദാന ക്യാമ്പ്
Saturday, August 17, 2019 3:35 PM IST
കുവൈത്ത്: ഭാരതത്തിന്‍റെ 73-ാ മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ, ഭാരതീയ പ്രവാസി പരിഷത്ത്, ഫർവാനിയ ഏരിയ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ; ജാബ്രിയ ബ്ലഡ് ബാങ്കിൽ ഓഗസ്റ്റ് 15 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൻമനാടിന്‍റെ ആഘോഷവേളയിൽ പങ്ക് ചേരുവാനും അതോടൊപ്പം തന്നെ കേരളത്തിലെ പ്രളയക്കെടുതി നേരിടുന്ന ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം പ്രവാസികൾ സന്നദ്ധപ്രവർത്തനത്തിനും രക്തദാനത്തിനുമായി ഒത്തു ചേർന്നു.

പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്‍റെ അഭിമാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച് സ്വതന്ത്ര ഭാരതത്തിനായി രണാങ്കണത്തിൽ നിണമണിഞ്ഞ ധീര ദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായാണ് രക്തദാതാക്കൾ എത്തിച്ചേർന്നത്.

ക്യാമ്പിന്‍റെ ഔപചാരികമായ ഉദ്ഘാടനകർമ്മം ഭാരതീയ പ്രവാസി പരിഷത്ത്, കുവൈത്ത് ജനറൽ സെക്രട്ടറി നാരായണൻ ഒതയത്ത് നിർവഹിച്ചു. ബിഡികെ കുവൈത്ത് ഉപദേശക സമിതി അംഗവും വിമുക്ത ഭടനുമായ മുരളി എസ്. പണിക്കർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബിഡികെ കുവൈത്ത് പ്രസിഡന്‍റ് രഘുബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സേവാദർശൻ കുവൈത്ത് ജനറൽ സെക്രട്ടറി പ്രവീൺ പിള്ള, ബിപിപി വൈസ് പ്രസിഡന്‍റ് ബിനോയ് സെബാസ്റ്റ്യൻ, ഫർവാനിയ ഏരിയ ജനറൽ സെക്രട്ടറി ജയശങ്കർ, യൂണിമണി പ്രതിനിധി രാജ് ഭണ്ടാരി എന്നിവർ ആശംസകൾ നേർന്നു സാസാരിച്ചു. ബിപിപി സെൻട്രൽ കമ്മിറ്റി അംഗം രാജേഷ് ആർ. ജെ. സ്വാഗതവും ബി ഡി കെ കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്കര നന്ദിയും പറഞ്ഞു.

പെറ്റമ്മയോളം തന്നെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പോറ്റമ്മയുടെ മണ്ണിൽ തങ്ങളുടെ പിറന്ന നാടിന്റെ സ്വാതന്ത്ര്യ ദിനത്തിൽ രക്തദാനം നടത്താനായതിന്‍റെ ആത്മസംതൃപ്തിയോടെയാണ് ഓരോരുത്തരും പിരിഞ്ഞത്.

2016 മേയ് 20 ന് ബിഡികെ കുവൈറ്റ് ചാപ്റ്റർ ആരംഭിച്ചതുമുതൽ രണ്ടായിരത്തിലധികം യൂണിറ്റ് രക്തവും പ്ലേറ്റ്‌ലെറ്റുകളും സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് വിവിധ രക്തദാന ക്യാമ്പുകൾ വഴിയും കുവൈത്തിലെ ആശുപത്രികളിൽ നിന്നുള്ള അടിയന്തര കോളുകൾക്കുള്ള പ്രതികരണവുമായും നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിഡികെ കുവൈത്തിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ലെ 14-ാമത്തെ ക്യാമ്പ് ആണ് സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിച്ചത്. വരും മാസങ്ങളിലും കൂടുതൽ ക്യാമ്പുകൾ സെൻട്രൽ ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ