എട്ടു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജിയെ പിടികൂടി സിബിഐ
Friday, October 17, 2025 7:03 AM IST
ചണ്ഡിഗഡ്: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജിയെ സിബിഐ പിടികൂടി. റോപ്പര്‍ റേഞ്ചിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) ഹര്‍ചരണ്‍ സിംഗ് ബുല്ലാറിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിസിനസുകാരനില്‍ നിന്ന് ഇടനിലക്കാരന് വഴി എട്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനെടെയാണ് പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയും പിടിച്ചെടുത്തു. ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, 40 ലിറ്റര്‍ വിദേശമദ്യം, അനധികൃത തോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് പിടിച്ചെടുത്ത തുക എണ്ണിത്തിട്ടപ്പെടുത്തിയത്. ബുല്ലാറിനെ നാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. 2024 നവംബര്‍ 27ന് ഇയാള്‍ റോപ്പര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്.