റിയാദിൽ പി. കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
Saturday, August 24, 2019 5:22 PM IST
റിയാദ്: കേളി കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ പി. കൃഷ്ണപിള്ള യുടെ 71-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നിദാനമായ നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു കൃഷ്ണപിള്ളയെന്ന് അനുസ്മരണ പ്രമേയത്തില്‍ പറഞ്ഞു.

ഏഴു പതിറ്റാണ്ടിന് മുന്‍പ് ഏതെല്ലാം സാമൂഹിക അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പി കൃഷ്ണപിള്ളയെപ്പോലുള്ള സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍ നിലകൊണ്ടിരുന്നോ അത്തരം സാമൂഹിക അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ആർഎസ്എസിന്‍റേയും സംഘ് പരിവാറിന്‍റേയും നേതൃത്വത്തില്‍ ഇന്നു നടന്നുവരുന്നതെന്നും ഇതിനെതിരെ ജനാധിപത്യ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അനുസ്മരണ യോഗത്തില് പങ്കെടുത്തു സംസാരിച്ചവർ പറഞ്ഞു.

ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ കെ. പി. എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗം സുധാകരന്‍ കല്ല്യാശ്ശേരി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി കമ്മിറ്റി അംഗം ഗോപിനാഥന്‍ സ്വാഗതവും കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ടി. ആർ. സുബ്രഹ്മണ്യൻ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. ബത്ഹ രക്ഷാധികാരി കമ്മിറ്റി അംഗം ദസ്തഖീര്‍, കുടുംബവേദി സെക്രട്ടറി സീബാ അനിരുദ്ധന്‍, കേന്ദ്ര കമ്മിറ്റി അംഗം മനോഹരന്‍ നെല്ലിക്കല്‍, ജയചന്ദ്രന്‍ നെരുവമ്പ്രം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ്കുമാര്‍ നന്ദി പറഞ്ഞു.