കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് ഗോ എയർ സർവീസ് നടത്തുന്നു
Thursday, September 12, 2019 3:22 PM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക്‌ ഗോ എയർ സർവീസ് നടത്തുന്നു. സെപ്റ്റംബർ 19 ന് (വ്യാഴം) ആരംഭിക്കുന്ന നേരിട്ടുള്ള സർവീസ് രാവിലെ 10.30 നു കുവൈത്തിൽ നിന്നും പുറപ്പെട്ട്‌ വൈകുന്നേരം 6 ന് കണ്ണൂരിലും തിരികെ രാവിലെ 7ന് പുറപ്പെട്ട്‌ 9.30 നു കുവൈത്തിൽ എത്തിചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്‌.

ഉദ്ഘാടനത്തോടനുബന്ധിച്ചു 28 കുവൈത്ത് ദിനാറിന് ടിക്കറ്റ് ലഭ്യമാണ്. കണ്ണൂരിൽ നിന്നും കുവൈത്ത് വിമാനത്തിൽ എത്തുന്ന യാത്രക്കാർക്കായി ഹൈദരബാദ്‌ , മുംബൈ , ചെന്നൈ , ബംഗളുരു തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും തുടർ സർവീസ് ലഭ്യമാണെന്ന് ഗോ എയർ ഇന്‍റർ നാഷനൽ ഓപ്പറേഷൻ മാനേജർ അർജുൻ ഗുപ്ത അറിയിച്ചു.

ജെഡബ്ല്യു മാരിയറ്റ്‌ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗോ എയർ
കോർപ്പറേറ്റ്‌ കമ്യൂണിക്കേഷൻ വൈസ്‌ പ്രസിഡന്‍റ് ബക്കുൽ ഗാല, ഗോ എയർ ഇന്‍റർ നാഷണൽ മാനേജർ ജലീൽ ഖാലിദ്‌ , റിസോർസ് കമ്പിനി മാനേജിംഗ് ഡയറക്ടർ സലീം മുറാദ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ