അടിസ്ഥാന രഹിതമായ ആരോപണങ്ങൾ രാഹുൽ ഗാന്ധിയുടെ ശീലമായി മാറി: അനുരാഗ് താക്കൂർ
Thursday, September 18, 2025 2:30 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂർ. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമായി മാറിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
തുടർച്ചയായ പരാജയങ്ങളെ തുടർന്ന് കോൺഗ്രസിന്റെ നിരാശ വർധിക്കുന്നുവെന്നും അതിനാലാണ് രാഹുൽ ഗാന്ധി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അനുരാഗ് താക്കൂർ കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം.
ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ റഫാൽ ഇടപാടിനെ കുറിച്ചും പെഗാസസുമായി ബന്ധപ്പെട്ടും രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അനുരാഗ് വ്യക്തമാക്കി.
രാഹുൽ ഗാന്ധി ഇന്ന് ഉന്നയിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തിയിട്ടുണ്ട്. ഓൺലൈനായി വോട്ട് വെട്ടിക്കളയാൻ സാധിക്കില്ലെന്നത് വസ്തുതയാണ്. 2023ലെ സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തതാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കർണാടക പോലീസ് വിഷയത്തിൽ എന്ത് ചെയ്തെന്നും അദേഹം ആരാഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്തത് കോൺഗ്രസാണെന്നും അനുരാഗ് ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും രാഹുലിന്റെയും കോൺഗ്രസിന്റെയും നയം കുടിയേറ്റക്കാർക്ക് വേണ്ടിയാണെന്നും അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.