റിയാദിൽ: യൂത്ത് ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി
Thursday, September 12, 2019 5:08 PM IST
റിയാദ്: പന്ത്രണ്ടു ദിവസത്തെ സന്ദർശനത്തിനായി റിയാദിലെത്തിയ മുസ് ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർക്ക് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.പി.മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്‍റെ പ്രചാരണാർഥമാണ് ഇരുവരും സൗദി അറേബ്യ സന്ദർശിക്കുന്നത്. സെപ്റ്റംബർ 11 മുതൽ 22 വരെ ഇവർ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും . രണ്ടു ദിവസം റിയാദിൽ തങ്ങുന്ന നേതാക്കൾ 13.14 തീയതികളിൽ ദമാമിൽ സന്ദർശനം നടത്തും. 18ന് വാദിദവാസിർ, 19ന് ഖമീസ് മുഷൈത്ത്, 20ന് ജിസാൻ, 21ന് മഹായിൽ എന്നിവിടങ്ങളും സന്ദർശിക്കുമെന്ന് കെഎംസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ പ്രദേശങ്ങളിലുള്ള കെഎംസിസി കമ്മിറ്റികളാണ് പരിപാടികൾക്ക് നേതൃത്വം നൽകുക.
റിയാദിൽ വ്യാഴാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഇരുവരും അതിഥികളായി പങ്കെടുക്കും.

നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്‍റ് അഷ് റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി.മുസ്തഫ. മൊയ്തീൻ കോയ കല്ലമ്പാറ, അരിമ്പ്ര സുബൈർ, മാമുക്കോയ തറമ്മൽ, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, നൗഷാദ് ചാക്കീരി, ഷൗക്കത്ത് കടമ്പോട്ട്, അഷ് റഫ് മോയൻ, ഫർസീൻ വേങ്ങാട്ട്, അബൂബക്കർ ഷഫ്സീർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ