മാനസികാരോഗ്യത്തിന് സാഹചര്യമൊരുക്കേണ്ടത് സാമൂഹ്യ ബാധ്യത
Thursday, October 10, 2019 9:12 PM IST
ദോഹ: ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും മാനസികാരോഗ്യത്തിന് സാഹചര്യമൊരുക്കേണ്ടത് സാമൂഹ്യ ബാധ്യതയാണെന്നും ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്‍റ് ഫോറം പ്രസിഡന്‍റ് പി.എന്‍. ബാബുരാജന്‍ അഭിപ്രായപ്പെട്ടു. ലോകമാനസിക ദിനാചരണത്തിന്‍റെ ഭാഗമായി മീഡിയ പ്‌ളസ് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹ മാധ്യമങ്ങളും വാര്‍ത്താചാനലുകളുമൊക്കെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും സമൂഹം ഇതിനെതിരെ ജാഗരൂഗരായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍ എക്‌സിക്യൂട്ടീവ് ഡറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി വിഷയമവതരിപ്പിച്ചു. മനുഷ്യന്‍റെ ആത്മീയവും ശാരീരികവുമായ സംസ്‌കരണമാണ് മാനസികാരോഗ്യത്തിന്‍റെ അടിസ്ഥാനമെന്നും ശരിയായ ദൈവവിശ്വാസത്തിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട്, അബ്ദുള്ള പൊയില്‍, ഡോ. അമാനുള്ള വടക്കാങ്ങര, ഫാസില മശ്ഹൂദ് സംസാരിച്ചു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി.കെ. ജോണ്‍ ചടങ്ങില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ചു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയും വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഫെഡറേഷനും സംയുക്തമായി ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നു. ആത്മഹത്യാ പ്രതിരോധത്തിന് ഒറ്റക്കെട്ടായി എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.