"സത്യം പറയുമ്പോൾ കള്ളിക്ക്‌ തുള്ളൽ' മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല
Saturday, October 12, 2019 10:24 PM IST
കുവൈത്ത്‌ സിറ്റി : "സത്യം പറയുമ്പോൾ കള്ളിക്ക്‌ തുള്ളൽ' എന്നതു പോലെയാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്ന് രമേശ്‌ ചെന്നിത്തല. "ഹി​ന്ദു​വി​ന്‍റെ അ​ട്ടി​പ്പേ​റ​വ​കാ​ശം ത​ന്‍റെ ക​ക്ഷ​ത്ത് ആ​രെ​ങ്കി​ലും വ​ച്ചു ത​ന്നി​ട്ടു​ണ്ടോ'​ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആക്ഷേപത്തിനു മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ് .

കേരളത്തിലെ നവോത്ഥാന നേതാവാകുവാനുള്ള പാഴ് ശ്രമത്തിലായിരുന്നു മുഖ്യമന്ത്രി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി ശങ്കർ റൈയുടെ നിലാപാടാണോ എൽഡിഎഫിനെന്ന തന്‍റെ ചോദ്യത്തെ മുഖ്യമന്ത്രി വക്രീകരിക്കുകയായിരുന്നു. തന്‍റെ പ്രസ്ഥാവന കൊള്ളേണ്ടിടിത്ത്‌ കൊണ്ടു എന്നതിന്‍റെ തെളിവാണു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ പുരസ്കാര സന്ധ്യയില്‍ പങ്കെടുക്കുവാന്‍ കുവൈത്തിലെത്തിയതായിരുന്നു അദ്ദേഹം.

വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ട സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് ഉപതെരഞ്ഞടുപ്പിലും പ്രതിഫലിക്കും.

സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുക എന്നത് ഇടതു നേതാക്കൾക്ക് ഫാഷനായിരിക്കുകയാണ്. സംസ്ഥാനത്തെ മന്ത്രിമാർ സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പു ഫലം യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങൾ നൽകിയ താക്കീതാണ്. കേരള കോൺഗ്രസിലെ ഇരു വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു വരികയാണ്. പാലായിലെ വിജയത്തില്‍ ഇടതുപക്ഷത്തിന് അമിതാഹ്ളാദം വേണ്ടെന്നും ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌. അഞ്ചു സീറ്റുകളിലും വിജയിക്കുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പു നല്കി.

മഞ്ചേശ്വരത്ത് ബിജെപി വർഗീയ സംഘർഷത്തിന് ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു . സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ടു കച്ചവടം നടത്തിയെന്നത് സത്യമാണെന്നും പാലായില്‍ നടന്നതു പോലെ വട്ടിയൂർകാവിലും കോന്നിയിലും പരസ്പരം വോട്ട് വച്ചുമാറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്താ സമ്മേളനത്തിൽ വി.കെ. ശ്രീകണ്ഠൻ എംപി , മഹിളാ കോൺഗ്രസ്‌ നേതാവും ചലചിത്ര നടിയുമായ നഗ്മ , ഒഐസിസി പ്രസിഡന്‍റ് വർഗീസ്‌ പുതുകുളങ്ങര എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ