കേളി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Sunday, October 13, 2019 3:00 PM IST
റിയാദ് : പ്രകടന പത്രികയില്‍ പറഞ്ഞ 600 ല്‍ 542 കാര്യങ്ങളും മൂന്നു വര്‍ഷം കൊണ്ട് ചെയ്തു തീര്‍ത്ത എല്‍ ഡി എഫ് സര്‍ക്കാരിനുള്ള അംഗീകാരമാവണം ഈ വരുന്ന അഞ്ചു ഉപതെരഞ്ഞെടുപ്പുകളിലെയും ജനവിധി എന്നു കേളി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍.

കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ കേരളത്തില്‍ ഉണ്ടായ സകല മേഖലകളിലെയും മാറ്റങ്ങള്‍ എല്ലാ വിഭാഗത്തില്‍ പെട്ട ജങ്ങള്‍ക്കും നേരിട്ട് ബോധ്യമുള്ളതാണെന്നും,വികസന കുതിപ്പിലേക്കുള്ള ഇടതു സര്‍ക്കാരിന്റെ കരങ്ങള്‍ക്കുള്ള ശക്തി പകരലും അതോടൊപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീത് കൂടി ആവണം ഉപതെരഞ്ഞെടുപ്പ് ജനവിധിയെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

റിയാദ് സഫാമക്ക ഓഡിറ്റോറിയത്തില്‍ കേളി കലാസംസ്‌കാരിക വേദി സംഘടിപ്പിച്ച എല്‍ ഡി എഫ് ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഐ എം സി സി നാഷണല്‍ കമ്മിറ്റി അംഗം സജ്ജാദ് സാഹിര്‍ ഉത്ഘാടനം ചെയ്തു. കേളി മുഖ്യ രക്ഷാധികാരി ആക്ടിങ് കണ്‍വീനര്‍ കെപിഎം സാദിഖ് അദ്ധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞ കണ്‍വെന്‍ഷനില്‍ ന്യൂ എയ്ജ് ജനറല്‍ സെക്രട്ടറി ഷാനവാസ്, ദമ്മാം നവോദയ രക്ഷാധികാരി അംഗം എംഎം നയീം, കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗോപിനാഥന്‍ വേങ്ങര, സതീഷ് കുമാര്‍, കുടുംബവേദി സെക്രട്ടറി സീബ പി പി എന്നിവര്‍ സംസാരിച്ചു. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വീഡിയോ ഫോണ്‍ ഇന്നിലൂടെ സദസിനെ അഭിസംബോധന ചെയ്തു വോട്ട് അഭ്യര്‍ത്ഥിച്ചു. കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ കണ്‍വെന്‍ഷന് നന്ദി പറഞ്ഞു.