ഉപതിരഞ്ഞെടുപ്പ്; ജനദ്രോഹ ഭരണത്തിനുള്ള വിധിയെഴുത്താകും: കെഎംസിസി
Sunday, October 20, 2019 3:36 PM IST
കുവൈറ്റ് സിറ്റി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനുള്ള വിധിയെഴുത്താകും കേരളത്തില്‍ നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളെന്ന് കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കലാശക്കൊട്ട്' വിലയിരുത്തി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു.

കുവൈറ്റ് ഒഐസിസി വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജ് കുട്ടി 'കലാശക്കൊട്ട്' ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി സെക്രട്ടറിയേറ്റ് അംഗവും മുന്‍ പ്രസിഡന്റുമായ കെ.ടി.പി. അബ്ദുറഹിമാന്‍, വൈസ് പ്രസിഡന്റ്മാരായ എന്‍.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, കുവൈറ്റ് കെ.എം.സി.സി. കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദു കടവത്ത് പ്രസംഗിച്ചു. വൈസ് പ്രസിഡന്റ്മാരായ സുബൈര്‍ പാറക്കടവ്, ഷഹീദ് പട്ടില്ലത്ത്, സെക്രട്ടറി ഷെരീഫ് ഒതുക്കുങ്ങല്‍,കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഹംസ ബല്ല, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബഷീര്‍ മുന്നിപ്പാടി വേദിയില്‍ സന്നിഹിതരായിരുന്നു. നാട്ടിലെ കലാശക്കൊട്ട് അനുസ്മരിപ്പിക്കും വിധം തിരഞ്ഞെടുപ്പ് ഗാനാലാപനവും മുദ്രാവാക്യം വിളികളും ദഫ് മുട്ടും ഒക്കെ 'കലാശക്കൊട്ടിനു' കൊഴുപ്പേകി. കുവൈറ്റ് കെഎംസിസി.സംസ്ഥാന ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി എഞ്ചി.മുഷ്താഖ് സ്വാഗതവും ട്രഷറര്‍ എം.ആര്‍.നാസര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട് : സലിം കോട്ടയില്‍