ഗ്രീൻ കുവൈറ്റ്‌ 2019
Monday, October 21, 2019 8:33 PM IST
കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ ‘ഗ്രീൻ കുവൈറ്റ്‌ 2019’ എന്ന പേരിൽ എൻഇസികെ അങ്കണ ത്തിൽ സംഘടിപ്പിച്ചു.

ഒക്ടോബർ 18 ന് രാവിലെ, വിശുദ്ധ കുർബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങിൽ എൻ.ഇസി.കെ. ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ്‌ ഉദ്ഘാടനം നിർവഹിച്ചു. പിറന്ന നാടിനോടും അന്നം തരുന്ന നാടിനോടുമുള്ള പ്രതിബദ്ധതയുടെ തെളിവാണ്‌ യുവജനപ്രസ്ഥാനത്തിന്റെ ‘ഗ്രീൻ കുവൈറ്റ്‌’എന്നും ഭാവിതലമുറയോടുള്ള കരുതലാണ്‌ ഇതിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹവികാരി ഫാ. ലിജു പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ്‌ ലേ-വൈസ്‌ പ്രസിഡന്‍റ് അജീഷ്‌ തോമസ്‌ സ്വാഗതവും കൺവീനർ ബിജു ഉളനാട്‌ നന്ദിയും പറഞ്ഞു. എൻ.ഇ.സി.കെ. സെക്രട്ടറി റോയി യോഹന്നാൻ, ഇടവക ട്രഷറർ മോനിഷ്‌ ജോർജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണവും അതിലൂടെ ആഗോളതാപനത്തെ ചെറുക്കുവാനുമുള്ള മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വിശാലമായ കാഴ്ച്ചപ്പാടിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടത്തിവരുന്ന പരിപാടിയുടെ ഭാഗമായി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ അങ്കണത്തിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. എൻ.ഇ. സി.കെ., അബാസിയ സെന്‍റ് ജോർജ് ചാപ്പൽ, അബാസിയ ബസേലിയോസ്‌ ഹാൾ, സാൽമിയ സെന്‍റ് മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിൽ വിവിധയിനം ചെടികളുടെ സ്റ്റാളും ക്രമീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ