മസ്‌ക്കറ്റിൽ പ്രവാസി ഡിവിഡന്‍റ് വിശദീകരണവും പ്രവാസി ക്ഷേമനിധി അദാലത്തും 25 ന്
Monday, October 21, 2019 10:06 PM IST
മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരള വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസി ക്ഷേമനിധി വിശദീകരണവും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു. കേരള സർക്കാർ പുതുതായി പ്രവാസികൾക്കായി കൊണ്ടുവന്ന പ്രവാസി ഡിവിഡന്‍റ് ഫണ്ടിനെക്കുറിച്ചുള്ള ക്‌ളാസും ഇതോടൊപ്പം നടക്കും. ഒക്ടോബർ 25 നു (വെള്ളി) വൈകുന്നേരം 6 ന് ദാർസൈറ്റിലുള്ള മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഹാളിലാണ് പരിപാടി.

പ്രവാസം കഴിഞ്ഞു തിരിച്ചെത്തുന്ന മലയാളികളുടെ ജീവിതനിലവാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടൊണ് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡിവിഡന്‍റ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 16ന് തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പ്രവാസി ക്ഷേമനിധി സംബന്ധിച്ചുമുള്ള വിവരങ്ങളും പരിപാടിയിൽ പ്രവാസി വെൽഫെയർ ബോഡ് ഡയറക്ടർ പി.എം. ജാബിർ വിശദീകരിക്കും. തുടർന്നു പ്രവാസി ക്ഷേമനിധി അദാലത്തും നടക്കും.

പുതുതായി പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കു അതിനുള്ള സൗകര്യം ചടങ്ങിൽ ഒരുക്കും. അതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് കോപ്പിയും (വീസ പേജ് ഉൾപ്പെടെ) ലേബർ കാഡ് കോപ്പിയും ഒരു ഫോട്ടോയും കരുതേണ്ടതാണ്.

റിപ്പോർട്ട്:ബിജു വെണ്ണിക്കുളം