പൗരത്യ ഭേദഗതി ബില്ലിനെതിരെ പ്രവാസി സമൂഹം ഒന്നിക്കണം: ഐഐസി
Friday, December 13, 2019 3:47 PM IST
കുവൈത്ത് : ജാതിയുടെയും മതത്തിന്‍റേയും പേരുപറഞ്ഞ് ഇന്ത്യയെ വിഭജിക്കുന്ന പൗരത്യ ഭേദഗതി ബില്ലിനെതിരെ പ്രവാസി സമൂഹം ഒന്നിക്കണമെന്ന് ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍.

നിയമവിരുദ്ധ ബില്ലാണിതെന്ന് സമൂഹത്തിനറിയാം. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തമ്മിലടിപ്പിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ എന്ന മഹത്വര രാജ്യത്തെ അവഹേളിച്ചിരിക്കുകയാണ്.

പ്രവാസി ഇന്ത്യക്കാരുടെ അഭിമാനത്തിന് ക്ഷത മേല്‍പ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ബില്ല്. രാജ്യത്തെ ജനങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ കൊടും ദുരിതം അനുഭവിക്കുമ്പോള്‍ അതിനൊരു പരിഹാരവും ചെയ്യാതെ വംശീയ അജണ്ടകള്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യന്‍ ജനത ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്നും ഇസ് ലാഹി സെന്‍റര്‍ അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ