സീറ്റിന് വേണ്ടി ട്രെയിനിൽ വ്യാജ ബോംബ് ഭീഷണി; സഹോദരങ്ങൾ പിടിയിൽ
Saturday, October 18, 2025 3:44 AM IST
കാൻപൂർ: വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകിയ സഹോദരങ്ങൾ പിടിയിൽ. യുപി സ്വദേശികളായ ദീപക് ചൗഹാൻ, അങ്കിത് എന്നിവരാണ് പിടിയിലായത്. അമ്രപാലി എക്സ്പ്രസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വ്യാജ സന്ദേശം.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. അമ്രപാലി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന പ്രതികൾ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് പോലീസ് കൺട്രോൾ റൂമിലേയ്ക്ക് വ്യാജ സന്ദേശം കൈമാറിയത്. യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങിപോകാനായിരുന്നു പ്രതികൾ വ്യാജ സന്ദേശം നൽകിയത്.
എന്നാൽ വിവരം ലഭിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഫയർ ബ്രിഗേഡും ഉൾപ്പെടെ കാൻപൂർ സെൻട്രൽ സ്റ്റേഷനിൽ എത്തി. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് സന്ദേശം ലഭിച്ച മൊബൈൽ ഫോൺ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.