മലബാർ ഡവലപ്മെന്‍റ് ഫോറം കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ നിവേദനം നൽകി
Friday, December 13, 2019 3:55 PM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള വിമാന സർവീസ്‌ തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്നും ജസീറ മനനജ്മെന്‍റിന്‍റെ ഭാഗത്തു നിന്ന് കോഴിക്കോടിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും എത്രയും പെട്ടെന്ന് സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജസീറ എയർ വെയ്സ്‌ ജിസിസി റീജണൽ മാനേജർ റിയാസ് കുട്ടേരി.

മലബാറിൽ നിന്നും കുവൈത്തിലുള്ള പ്രവാസികളുടെ ഏക ആശ്രയമായ കരിപ്പൂർ എയർപോർട്ടിലേക്ക് ജസീറ എയർവേസ്‌ സർവീസ് ആരംഭിക്കണമെന്നഭ്യർഥിച്ചുകൊണ്ട്‌ മലബാർ ഡവലപ്മെന്‍റ് ഫോറം കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ ജസീറ എയർ വെയ്സ്‌ ആസ്ഥാനത്ത്‌ നടത്തിയ കൂടിക്കാഴ്ചയിലാണു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് സീറ്റുകൾ വർധിപ്പിച്ചു കിട്ടുന്നതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുവൈത്തിനെക്കാൾ ഇന്ത്യൻ സമൂഹം കുറവുള്ള രാജ്യങ്ങൾക്ക് കുവൈത്തിനെക്കാൾ കൂടുതൽ സീറ്റുകൾ ഇന്ത്യ അനുവദിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കുവൈത്തിനും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഡിഎഫ് കുവൈത്ത് ചാപ്റ്റർ പ്രസിഡന്‍റ് അസീസ് തിക്കോടി, ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, സെക്രട്ടറി മുബാറക് കാമ്പ്രത്ത് , ഉപദേശക സമിതിയംഗം കൃഷ്ണൻ കടലുണ്ടി എന്നിവരും പങ്കെടുത്തു.