റിയാദിൽ ‘കേളി ദിനം 2020’ ആഘോഷിച്ചു
Monday, January 13, 2020 6:41 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദി പത്തൊൻപതാം വാർഷികം വര്‍ണാഭമായ കലാസദ്യ ഒരുക്കി ആഘോഷിച്ചു. ബഗ്ലഫിലെ മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി രാവിലെ 9 നു ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി 11 വരെ നീണ്ടുനിന്നു.

ഇ കെ രാജീവന്‍റെ നേതൃത്വത്തിൽ അരങ്ങേറിയ തെയ്യം കലാരൂപം പ്രവാസികൾക്ക് ഗൃഹാതുരത ഉണർത്തുന്ന വേറിട്ട കാഴ്ചയായി. കുടുംബവേദിയുടെ ബാനറിൽ സീബാ കൂവോടിന്‍റെ നേതൃത്വത്തിൽ അവതരിപ്പിച്ച നൃത്ത ശില്പ, വിവിധ ഏരിയകളിലേയും കുടുംബവേദിയിലേയും അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച ഒപ്പന, കഥക് നൃത്തം, ആനുകാലിക ഇന്ത്യയുടെ നേർചിത്രങ്ങൾ വരച്ചു കാട്ടിയ നാടകങ്ങൾ, കവിതകളുടെ ദൃശ്യാവിഷ്കാരങ്ങൾ, കഥാപ്രസംഗം, കവിതകൾ, നാടൻ പാട്ടുകൾ, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, മാപ്പിളപാട്ടുകൾ, സിനിമാപാട്ടുകൾ, സിനിമാറ്റിക് ഡാൻസുകൾ, എന്നിവയും വാർഷികാഘോഷത്തിനു മിഴിവേകി.

കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗം സുരേഷ് ലാലിന്‍റേയും അനിരുദ്ധന്‍റേയും നേതൃത്വത്തിൽ റിയാദ് കേളിയുടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങളേയും പിണറായി സര്‍ക്കാരിന്‍റെ വികസന-ക്ഷേമപ്രവർത്തനങ്ങളേയും അടിസ്ഥാനമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം പൊതുജനങ്ങളെ നന്നായി ആകര്‍ഷിച്ചു.

സാംസ്കാരിക കമ്മിറ്റി അംഗം ഗോപിനാഥന്റെ നേതൃത്വത്തിൽ, എറണാകുളം മഹാരാജാസ് കോളജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിനെ കുറിച്ച് സൈമണ്‍ ബ്രിട്ടോ അവസാനമായി എഴുതിയ "അഭിമന്യുവിന്‍റെ ജീവിതകുറിപ്പുകള്‍' എന്ന പുസ്തകത്തിന്‍റെ പ്രദര്‍ശനവും വില്പനയും നടത്തി.

പ്രോഗ്രാം കൺവീനർ കെ.പി. സജിത്തിന്‍റെ നേതൃത്വത്തിൽ ജോഷി പെരിഞ്ഞനം, ടി.ആർ സുബ്രമണ്യൻ, മുരളി കണിയാരത്ത്, കുടുംബവേദി പ്രസിഡന്‍റ് പ്രിയാ വിനോദ്, ഷജിലാ സലാം, സന്ധ്യ പുഷ്പരാജ്, സജിന സിജിൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

ടെക്‌നിക്കൽ കമ്മിറ്റിയായി സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, അനൗൺസ്‌മെന്‍റ് വിഭാഗത്തിൽ അമൃത സുരേഷ്, നൗഫൽ പൂവക്കുറിശി, ഷിഹാബുദ്ദിൻ, രജിസ്‌ട്രേഷനിൽ വിനയൻ, സുരേഷ് കൂവോട്, ഉല്ലാസ്, ഭാഗ്യനാഥൻ എന്നിവരും പ്രവർത്തിച്ചു.

സെൻ ആന്‍റണിയുടെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റി കലാകാരന്മാർക്കും കാണികൾക്കുമുള്ള ഭക്ഷണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ഹുസൈൻ മണക്കാട് വോളന്‍റിയർ കമ്മിറ്റിക്കും അനിരുദ്ധൻ സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കമ്മിറ്റിക്കും നേതൃത്വം നൽകി.

പരിപാടിയുടെ മുഖ്യ പ്രയോജകരായ റിയാസ് (ഫ്യൂച്ചർ എജുക്കേഷൻ) ഹോസ്സാം (മൊഹന്നത് ബുക്സ്), ഓഡിറ്റോറിയം അനുവദിച്ച എ.ഷാഹിദ (മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷണൽ സ്കൂൾ), തുടർച്ചയായി കേളിയുടെ കലണ്ടർ സ്പോണ്സർ ചെയ്യുന്ന പ്രസാദ് (അൽ മത്തേഷ് ), സിദ്ദീഖ് (കൊബ്ലാൻ) എന്നിവർക്കുള്ള ഫലകങ്ങൾ എം.സ്വരാജ് എംഎൽഎ സമ്മാനിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി വിവിധ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് കേളിയുടെ ഫലകവും നാജിദ് ടെലികോം ഗിഫ്റ്റ് ബോക്സും നൽകി.