"ജനാധിപത്യ നിയമ വ്യവസ്ഥയില്‍ മതേതരത്വം കപട ദേശീയതയാല്‍ വികലമാക്കപ്പെടുന്നു'
Tuesday, January 28, 2020 8:19 PM IST
കുവൈത്ത്: മൂല്യാധിഷ്ഠിത ജനാധിപത്യ നിയമ വ്യവസ്ഥയില്‍ മതേതരത്വം കപട ദേശീയതയാല്‍ വികലമാക്കപ്പെടുന്നുവെന്ന് ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ കേന്ദ്ര കമ്മിറ്റി സാല്‍മിയ ഇസ് ലാഹി സെന്‍ററില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനം സംഗമം സൂചിപ്പിച്ചു.

മതേതരത്വം ദേശീയത എന്ന വിഷയത്തില്‍ സംസാരിച്ച അഷ്റഫ് മേപ്പയ്യൂര്‍ ചരിത്രത്തിന്‍റെ ഇടം തെരുവുകളില്‍ ഫാഷിസത്തിന്‍റെ വളര്‍ച്ചയെ ദാര്‍ശനികമായി അവലോകനം ചെയ്ത് സംസാരിച്ചു.

പരസ്പര സ്നേഹവും സഹവര്‍ത്തിത്തവും ഉയര്‍ത്തിപ്പിടിക്കുകയും ചരിത്രത്തില്‍ നിന്ന് പാഠമുൾക്കൊണ്ട് സ്വോഛ്ചാധിപത്യ പ്രവണതകള്‍ക്കെതിരെ ഐക്യത്തോടെയുള്ള പ്രതിരോധനിര തീര്‍ക്കണമെന്ന് സയിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ഉദ്ബോധിപ്പിച്ചു. പ്രമുഖ ആക്ടിവിസ്റ്റ് മുബാറക് കാമ്പറത്ത്, കെഎംസിസി കേന്ദ്ര ഭാരവാഹി ബഷീര്‍ ബാത്ത എന്നിവര്‍ ആശംസകൾ നേർന്നു പ്രസംഗിച്ചു. ഇയാസ് എറണാംകുളം ആനുകാലിക ഇന്ത്യന്‍ പശ്ചാത്തലത്തെ അന്വര്‍ത്ഥമാക്കിയുള്ള കവിത അവതരിപ്പിച്ചു.

ഐഐസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും ബഷീര്‍ പാനായികുളം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ