കുവൈത്തിൽ മൂന്നു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
Monday, February 24, 2020 7:57 PM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മൂന്നു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും മടങ്ങിയെത്തിയ സംഘത്തിലെ മൂന്നു പേർക്കാണ് പ്രാഥമിക പരിശോധനയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

ആദ്യത്തെ കേസ് 53 വയസുള്ള ഒരു കുവൈറ്റ് പൗരനും രണ്ടാമത്തേത് 61 വയസുള്ള സൗദി പൗരനുമാണ്. വൈറസ് ബാധിച്ചവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ സ്റ്റാഫിന്‍റെ നിരന്തരമായ നിരീക്ഷണത്തിലാണ് മൂന്നുപേരും.

ഇറാനിൽ നിന്നും മടങ്ങിയ യാത്രക്കാരിൽ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശനമായ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എമർജൻസി സംഘത്തെ നിയമിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ