കോഴിക്കോട് സിറ്റി കെഎംസി സി ജാഗ്രത സദസ് നടത്തി
Monday, February 24, 2020 10:28 PM IST
റിയാദ്: ഭാരതത്തിന്‍റെ ബഹുസ്വരതയെ തകർക്കുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്ന് രാഷ്ട്രം, ഭരണഘടന, പൗരത്വം എന്ന ശീർഷകത്തിൽ കോഴിക്കോട് സിറ്റി കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത സദസ് അഭിപ്രായപ്പെട്ടു. ബത്ഹ ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന സദസ് കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്‍റ് അഷ്റഫ് അച്ചൂർ ഉദ്ഘാടനം ചെയ്തു. സിറ്റി കെ എം സി സി കമ്മിറ്റി പ്രസിഡന്‍റ് സൈതു മീഞ്ചന്ത അധ്യക്ഷത വഹിച്ചു.

മതാടിസ്ഥാനത്തിൽ നിയമങ്ങൾ നിർമിക്കുകയും ഭേദഗതി നടപ്പിലാക്കുകയും ചെയ്യുന്നത് അപകടകരമാണ്. ഇന്ത്യയിലെ സമീപ കാലങ്ങളിലെ നിയമങ്ങളിലെല്ലാം മതം മാനദണ്ഡമാക്കുകയാണ്. ഫോറിനേഴ്സ് ആക്റ്റിന്റെ പരിധിയിൽ വരുന്ന വീസ ലംഘനത്തിൽ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ മുസ് ലിം ഇതര കുറ്റക്കാർക്ക് കുറഞ്ഞ പിഴ ചുമത്തുമ്പോൾ മുസ് ലിംങ്ങൾക്ക് വലിയ തരത്തിലുള്ള പിഴ ചുമത്തുന്ന നിയമമാണ് 2019 ജനുവരിയിൽ ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയിട്ടുള്ളത്. വിദേശികൾക്ക് ആറ് മാസത്തേക്ക് നൽകുന്ന റിസർവ് ബാങ്കിന്‍റെ എൻ ആർ ഒ അക്കൗണ്ട് പോലും മതാടിസ്ഥാനത്തിൽ ആർ ബി ഐ മാറ്റം വരുത്തി. വിവാഹമോചനം ഒരു പ്രത്യേക മതവിശ്വാസികൾക്ക് ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് നിയമം പാർലിമെന്റിൽ അവതരിപ്പിച്ച് നിയമമാക്കി. എന്നാൽ മറ്റുള്ളവർക്ക് വിവാഹ മോചനം ക്രിമിനൽ കുറ്റമല്ലാതാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കാഷ്മീരിന് ഭരണഘടന അനുവദിച്ചു നൽകിയ 370 - വകുപ്പ് എടുത്തുകളഞ്ഞതും കാഷ്മീരിൽ ഭൂരിപക്ഷം മുസ്ലിം സമുദായക്കാരായതുകൊണ്ടാണ്. 371 വകുപ്പ് പ്രകാരം ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങൾക്ക് നൽകുന്ന അവകാശങ്ങൾ ഇപ്പഴും നിലനിൽക്കുകയാണ്. ഇതേ രീതിയിൽ മതം മാനദണ്ഡമാക്കിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നിട്ടുള്ളത്. വിവേചനം പാടില്ലെന്ന ഭരണഘടനാ തത്വങ്ങളെ, അട്ടിമറിക്കുന്ന ഫാസിസ്റ്റ് സർക്കാർ വലിയ അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച സത്താർ താമരത്ത് അഭിപ്രായപ്പെട്ടു.

കെ എം സി സി ദേശീയ സമിതിയംഗം എസ്. വി. അർശുൽ അഹമ്മദ്, കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മങ്കാവ്, അഡ്വ. അബ്ദുൽ ജലീൽ കിണാശ്ശേരി, ബഷീർ താമരശ്ശേരി, അബ്ദുറഹ്മാൻ ഫറൂഖ്, അഡ്വ. അനീർബാബു പെരിഞ്ചീരി, അഷ്റഫ് കൽപകഞ്ചേരി, എം.വി. നൗഫൽ, റാഷിദ് ദയ, ഷമീർ പറമ്പത്ത്, അഷ്റഫ് കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു. ഷൗക്കത്ത് പന്നിയങ്കര, പി.ടി അൻസാരി, എസ് കെ വി അൻവർ, ഹനാൻ ബിൻ ഫൈസൽ, അസ്ലം കിണാശേരി, ഉമ്മർ മീഞ്ചന്ത എന്നിവർ നേതൃത്വം നൽകി. കോയ മൂഴിക്കൽ സ്വാഗതവും ശരീഫ് പയ്യാനക്കൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ