കുവൈത്തിൽ മൂന്നുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
Tuesday, February 25, 2020 7:37 PM IST
കുവൈത്ത് : രാജ്യത്ത് ഇന്നു മൂന്നു പൗരന്‍മാര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായി. ഇറാനില്‍ നിന്നും മടങ്ങിയെത്തിയവരിലാണ് കൊറോണ കണ്ടെത്തിയത്.

ഇറാനിയൻ നഗരമായ മഷാദിൽ തിരിച്ചെത്തിയ മൂന്നു പേരിലായിരുന്നു ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ചത് . തുടര്‍ന്നു നിരീക്ഷണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ബാക്കിയുള്ളവരെ കൂടി കണ്ടെത്തുകയായിരുന്നു. ആരോഗ്യ രംഗത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നിരവധി നടപടികളാണ് കൈകൊണ്ടിരിക്കുന്നത്.

ദക്ഷിണ കൊറിയ , തായ്‌ലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ്‌ താൽക്കാലികമായി കുവൈത്ത് നിർത്തി വച്ചിട്ടുണ്ട്. അതോടപ്പം ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ കഴിയുന്ന കുവൈത്ത്‌ സ്വദേശികളെ രാജ്യത്ത്‌ ഇറങ്ങുന്ന മുറക്ക്‌ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക്‌ മാറ്റുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കൊറോണ വൈറസ്‌ ബാധ തടയുന്നതിന്‍റെ ഭാഗമായി ചൈന , ബാങ്കോക്ക്‌ , ഇറാൻ , ഇറാഖ്‌ എന്നീ രാജ്യങ്ങളിലെക്കും തിരിച്ചുമുള്ള വിമാന സർവീസ്‌ കുവൈത്ത്‌ കഴിഞ്ഞ ദിവസങ്ങളിൽ നിർത്തിവച്ചിരുന്നു. അതോടപ്പം കുവൈത്തിൽ ഇന്നും നാളെയുമായി നടത്താനിരുന്ന ദേശീയ ദിനാഘോഷ പരിപാടികൾ റദ്ദു ചെയ്തിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അനുസരിച്ചു അപകടകരമായ വൈറസിനെ നേരിടുവാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും പൗരന്‍മാര്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അണ്ടർസെക്രട്ടറി മുസ്തഫ റഡ പറഞ്ഞു.

അമേരിക്കയ്ക്ക് ശേഷം, വൈറസിന് ലബോറട്ടറി ഘടകങ്ങൾ നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് കുവൈത്ത് , അണുബാധയുടെ പ്രഖ്യാപനം ആരോഗ്യ രംഗത്തെ സുതാര്യതയുടെ ഭാഗമായാണെന്നും ഇറാനിൽ നിന്ന് മടങ്ങി വന്നവരെല്ലാം 14 ദിവസം നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. പകർച്ചവ്യാധി വളരെ അപകടകരമാണെന്നും കനത്ത കാവൽ നിൽക്കുന്ന അൽ ഹജർ ഹോട്ടലിൽ നിന്ന് ആരും പുറത്തുകടന്നില്ലെന്നും ടെഹ്‌റാനിൽ നിന്നും കോമിൽ നിന്നും പുലർച്ചെ എത്തിയ കപ്പലിൽ നിന്ന് ആരെയും പുറത്ത് കടക്കുവാന്‍ അനുവദിച്ചിട്ടില്ലന്നും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ കുവൈത്തിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു വിവിധ മലയാളി സംഘടനകൾ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കിയതായി ഭാരവാഹികൾ അറിയിച്ചു. കേരള ഇസ് ലാമിക്‌ ഗ്രൂപ്പ്‌ ഫെബ്രുവരി 26 നു നടത്താനിരുന്ന ഇന്തോ കുവൈത്ത്‌ ഐക്യദാർഢ്യ സമ്മേളനം പുതിയ സാഹചര്യത്തിൽ റദ്ദാക്കിയതായി കെഐജി പ്രസിഡന്‍റ് ഫൈസൽ മഞ്ചേരി അറിയിച്ചു. അബാസിയ ഇന്‍റർ ഗ്രേറ്റഡ്‌ സ്കൂളിൽ നടത്താനിരുന്ന പരിപാടിയിൽ പ്രമുഖ കുവൈത്ത്‌ പൈതൃക ഗവേഷകൻ സ്വാലിഹ്‌ അൽ മിസ്ബാഹ്‌ , അഡ്വ. രശ്മിത രാമചന്ദ്രൻ, മുഹമ്മദ്‌ ശമീം എന്നിവർ പങ്കെടുക്കെടുക്കാനിരിക്കെയാണു പരിപാടി മാറ്റി വച്ചത്‌.

ഫ്രൈഡേ ഫോറം കുവൈത്ത്‌ നാളെ നടത്താനിരുന്ന പൊതു പരിപാടികളും മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു.പ്രമുഖ വ്യവസായ സ്ഥാപനമായ എൻബിടിസി 25 നു നടത്താനിരുന്ന വാർഷിക ആഘോഷ പരിപാടികളും റദ്ദു ചെയ്തതായി സ്ഥാപന അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ