ചതുര്‍ദിന കെകെഐസി ഇസ്ലാമിക് സെമിനാർ; കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നു നിര്‍ത്തിവച്ചു
Thursday, February 27, 2020 7:28 PM IST
ഫര്‍വാനിയ : കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിച്ച അഞ്ചാമത് ഇസ് ലാമിക് സെമിനാർ 2020 നിര്‍ത്തിവച്ചു. " മതം , ദേശീയത , മാനവികത' എന്ന പ്രമേയത്തിലൂന്നി നാല് ദിവസങ്ങളിലായി നടത്തുവാന്‍ നിശ്ചയിച്ച പരിപാടി കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് രണ്ടു ദിവസം ബാക്കിനില്‍ക്കേ നിര്‍ത്തിവച്ചത് .

ഔഖാഫ് മന്ത്രാലയത്തിന്‍റെ സഹകരത്തോടെയാണ് ചതുർദിന ഇസ്ലാമിക് സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് കുവൈത്ത് പാര്‍ലമെന്‍റ് അംഗം മുഹമ്മദ് ഹായിഫ് അൽ മുത്വൈരിയായിരുന്നു. ഇന്ത്യൻ പാര്‍ലമെന്‍റ് അംഗം ഇ.ടി. മുഹമ്മദ് ബഷീറൂം പരിപാടിയില്‍ പങ്കെടുത്തിരുന്നു.

നേരത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു വിവിധ മലയാളി സംഘടനകൾ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കിയിരുന്നു. കേരള ഇസ് ലാമിക്‌ ഗ്രൂപ്പ്‌ നടത്താനിരുന്ന ഇന്തോ കുവൈത്ത്‌ ഐക്യദാർഢ്യ സമ്മേളനവും ഫ്രൈഡേ ഫോറവും കുവൈത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എൻബിടിസി നടത്താനിരുന്ന വാർഷിക ആഘോഷ പരിപാടികളും റദ്ദു ചെയ്തതില്‍ പെടും.

റിപ്പോർട്ട്: സലിം കോട്ടയിൽ