"കലാപം കൊണ്ടു ജനകീയ സമരങ്ങളെ ഇല്ലായ്മ ചെയ്യാമെന്നത് ഫാസിസ്റ്റുകളുടെ മൗഢ്യ വ്യാമോഹം'
Thursday, February 27, 2020 8:19 PM IST
ജുബൈൽ, ദമാം: ഡൽഹിയിൽ സംഘപരിവാർ തീവ്രവാദികൾ അഴിഞ്ഞാടി ജനങ്ങളെ പേരു നോക്കി ആക്രമിക്കുകയും വീടുകളും കടകളും പള്ളികളും വാഹനങ്ങളും തിരഞ്ഞുപിടിച്ചു തീയിട്ടു നശിപ്പിക്കുകയും ചെയ്തതിനെ ജുബൈൽ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ശക്തമായി അപലപിച്ചു.

സംഘ പരിവാർ നേതാവിന്‍റെ ആഹ്വാനമനുസരിച്ച് ജയ് ശ്രീരാം വിളിച്ചു കൊണ്ട് ആസുത്രിതമായി ഫാസിസ്റ്റ് ഭീകരർ നടത്തിയ കലാപം ഇന്ത്യാ രാജ്യത്തിന് തീരാകളങ്കമാണ്. നിയമ പാലകർ കലാപകാരികൾക്കൊപ്പം ചേർന്നുവെന്നത് ജനാധിപത്യ വിശ്വാസികളെ അദ്ഭുതപ്പെടുത്തിയെന്നും ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശ സംരക്ഷണത്തിനുവേണ്ടി ജാതി മത ഭേദമന്യേ ഇന്ത്യൻ ജനങ്ങൾ മുഴുവൻ നടത്തി വരുന്ന സമാധാനപരമായ സമരങ്ങളെ ഭീകരതാണ്ഡവമാടി ഇല്ലാതാക്കാമെന്നത് കേന്ദ്ര സർക്കാറിന്‍റെ കേവലം മൗഢ്യ വ്യാമോഹം മാത്രമാണെന്നും സെന്‍റർ പ്രസിഡന്‍റ് അർശദ് ബിൻ ഹംസ, ജനറൽ സെക്രട്ടറി ഇബ്രാഹിം ഫൈസി, ട്രഷറർ ആസാദ് വളപ്പട്ടണം, മൊയ്തീൻ കുട്ടി, ഇബ്രാഹിം പൊട്ടേങ്ങൽ, അൻവർ അബൂബക്കർ ,യൂസുഫ് ശരീഫ് തുടങ്ങിയ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ തലസ്ഥാന നഗരിയിൽ നടന്ന ഭരണകൂട ഭീകരതയുടെ നേർകാഴ്ചയായ കലാപത്തിൽ മാധ്യമ പ്രവർത്തകർ പോലും ആക്രമിക്കപ്പെട്ടിട്ടും ദേശീയ മാധ്യമങ്ങൾ വാർത്തകൾ തമസ്കരിക്കാൻ ശ്രമിക്കുന്നത് ആശ്ചര്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം