അൽഫുർഖാൻ ഖുർആൻ ഓൺലൈൻ വിജ്ഞാന പരീക്ഷ ഏപ്രിൽ മൂന്നിന്
Monday, March 30, 2020 7:35 PM IST
ദോഹ: ചുരുങ്ങിയ കാലത്തിനുള്ളിൽ ഖത്തറിലെ മലയാളികൾക്കിടയിൽ ഖുർആൻ പഠന രംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പായി മാറിയ അൽഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ നാലാമത് എഡിഷൻ ഏപ്രിൽ 3 നു (വെള്ളി) നടക്കും.

ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ ക്യുഎച്ച്എൽഎസ് വിംഗ് സംഘടിപ്പിക്കുന്ന പരീക്ഷ ഇത്തവണ ഓൺലൈൻ വഴിയാകും നടക്കുക. സീനിയർ വിഭാഗത്തിൽ സൂറ: അൽഹദീദ്, സൂറ: അൽവാഖിഅ, സൂറ: അർറഹ്മാൻ, സൂറ: അൽഖമർ എന്നീ സൂറത്തുകളും ജൂണിയർ വിഭാഗത്തിൽ സൂറ: അൽഅസ്വർ, സൂറ: അൽഹുമസ,സൂറ: അൽഫീൽ,സൂറ: ഖുറൈശ്, സൂറ: അൽമാഊൻ എന്നീ സൂറത്തുകളുമാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കുട്ടികൾക്ക് വൈകുന്നേരം 4 മുതൽ 5 വരെയും സീനിയർ വിഭാഗത്തിന് രാത്രി 8 മുതൽ 9.30 വരെയാവും പരീക്ഷ .മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണം അടിസ്ഥാനമാക്കി ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലാണ് ചോദ്യങ്ങൾ.

വിവരങ്ങൾക്ക്: 31406673, 33448821, 33105963,70188064.