കൊറോണ വൈറസ്; താമസ സ്ഥലത്തു തന്നെ തുടരുവാന്‍ അഭ്യര്‍ഥിച്ച് ആരോഗ്യ മന്ത്രാലയം
Monday, March 30, 2020 10:28 PM IST
കുവൈത്ത് സിറ്റി: കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമെങ്കിൽ പുറത്തു കടക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നൽകി.

രാജ്യത്ത് പുതുതായി കണ്ടെത്തിയ ചില പുതിയ കേസുകളുടെ ഉറവിടം തിരിച്ചറിയാൻ കഴിയാത്തതിനാൽ വീട്ടില്‍ തന്നെ തുടരുവാന്‍ മന്ത്രാലയം അഭ്യർഥിച്ചു. മഹബുള്ള പ്രദേശത്ത് രണ്ടു ദിവസം മുമ്പ് കോവിഡ് 19 ബാധിതനെ കണ്ടെത്തിയിരുന്നു. ഇദ്ദേഹം കഴിയുന്ന ക്യാമ്പില്‍ 600 ഓളം ആളുകളാണ് താമസിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് കരുതുന്നത്. രോഗബാധിതരെ ഒറ്റപ്പെടുത്താൻ സാധ്യമായതെല്ലാം മന്ത്രാലയം ചെയ്യുന്നുണ്ട്. തൊഴിലാളികളെ പാർപ്പിച്ചിരുന്ന അഞ്ച് കെട്ടിടങ്ങൾ ഐസലേഷന്‍ ചെയ്തതായും കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും പരിശോധനകള്‍ക്ക് വിധേയമാക്കുന്നതായും അധികൃതര്‍ അറിയിച്ചു. അതിനിടെ തയ്യല്‍ ജോലി ചെയ്യുന്ന മറ്റൊരു ഇന്ത്യക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതോടൊപ്പം ഷുവൈഖില്‍ കഴിയുന്ന ബംഗ്ലാദേശ് പൗരനും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രാദേശികമായി പടരുന്നത് സൂക്ഷ്മമായാണ് അധികാരികള്‍ വിലയിരുത്തുന്നത്. ഇതുവരെയുള്ള 235 കേസുകളിൽ ഭൂരിഭാഗവും കുവൈത്തിനു പുറത്തുനിന്നുള്ള യാത്രക്കാരിൽ നിന്നാണ്. രണ്ട് ദിവസത്തിനിടെ 31 കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 266 ആയി ഉയർന്നു. ഇതിൽ ഭൂരിഭാഗവും പ്രാദേശിക സമ്പർക്കത്തിൽ നിന്നാണ് വ്യാപിച്ചത്. വൈറസ് പടരുന്നത് തടയാൻ അധികാരികൾ നിരവധി നടപടികൾ സ്വീകരിച്ചു വരികയാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ