പൊതുമാപ്പ് : കേന്ദ്ര കേരള സര്‍ക്കാറുകള്‍ ഇടപെടണം ഐസിഎഫ്
Sunday, April 5, 2020 12:32 PM IST
കുവൈറ്റ്: ഗവണ്‍മെന്‍് പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പടുത്തി കുവൈറ്റിലെ അനധികൃത താമസക്കാരായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഇന്ത്യാ ഗവണ്‍മെന്റിനും കേരള സര്‍ക്കാറിനോടും ഐ.സി.എഫ് കുവൈറ്റ് നാഷനല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് വിമാനസര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമാണുളളത്.

ഗവണ്‍മെന്റ് തലത്തില്‍ ഇടപെട്ട് പ്രത്യേക വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യണമെന്നും കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്നും ഐസിഎഫ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നവരെ കണ്ടത്തി നാട്ടിലയക്കുന്നതിന് വേണ്ട എല്ലാ സഹകരണവും ഇന്ത്യന്‍ എംബസി യുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കാന്‍ ഐസിഎഫ് സേവന വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

ആവശ്യക്കാരെ നേരിട്ടു കണ്ടത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുക, എംബസിയുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുക, കുവൈത്ത് എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് ക്ലിയറന്‍സ് ശരിയാക്കി നല്‍കുക തുടങ്ങിയ സേവനങ്ങളാണ് നല്‍കാന്‍ സാധിക്കുക എന്നു ഐസിഎഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍